ബംഗളൂരു: കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, മഹാദായി നദീജല തര്‍ക്കം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന ബന്ദ്.
കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. ബിഎംടിസി ബസുകളും ടാക്സികളും മെട്രോയും സര്‍വീസ് നടത്തി. സ്കൂളുകളും മറ്റ് പ്രധാന ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കര്‍ണാടക ഫിലിം ചേംബര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്.
രണ്ടായിരത്തോളം കന്നഡ സംഘടനകളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കന്നഡ രക്ഷണ വേദികയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സായുധ സേനയെ അടക്കം വിന്യസിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: