കൊച്ചി: പീഡന കേസുകളില്‍ പാതിരിമാര്‍ പ്രതികളാകുന്ന സാഹചര്യത്തില്‍ സ്ത്രീകളെ കുമ്പസരിപ്പിക്കുന്നതിനുള്ള അവകാശം കന്യാസ്ത്രീകളായിരിക്കണമെന്ന ആവശ്യം ഉയരുന്നു. നിയമങ്ങളെ വെല്ലുവിളിച്ച് കുമ്പസാരക്കൂടുകളുടെ മറവില്‍ സ്ത്രീപീഡനങ്ങള്‍ അരങ്ങേറുന്നത് അനുവദിക്കാനാവില്ലെന്ന് കേരള കാത്തലിക് റിഫോര്മേഷന് മൂവ്മെന്റ് (കെസിആര്‍എം) അറിയിച്ചു.
സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഹൗസിന് മുന്നില്‍ കെസിആര്‍എം സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ നൂറ് കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. കുമ്പസാരം വിശ്വാസികള്‍ക്ക് ആരാധനയുടെ ഭാഗമാണ്. എന്നാല്‍ സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള ധാര്‍മികമായ അധികാരം പാതിരിമാര്‍ക്ക് നഷ്ടപ്പെട്ടുവെന്നും കെസിആര്‍എം പറയുന്നു. സ്ത്രീപീഡന കേസുകളില്‍ പ്രതികളാകുന്ന പുരോഹിതരെ സഭ സംരക്ഷിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ഹൗസിനു മുന്നില്‍ സത്യജ്വാല മാസികയുടെ എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലിലാണ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കെസിആര്‍എം നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് ബൈബിള്‍ വായിച്ച് സത്യാഗ്രഹ സമരത്തിന് തുടക്കമിട്ടു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്, ക്നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയായിരുന്നു സമരം.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍, കെസിആര്‍എം ചെയര്മാന് ജോര്‍ജ് ജോസഫ്, ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് പ്രസിഡന്റ് ഇ.ആര്. ജോസഫ്, സഭ പുറത്താക്കിയ സിസ്റ്റര്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ച്ച്ബിഷപ്പുമായി നടത്തിയ ചര്‍ച്ച പരാജയപ്പട്ട സാഹചര്യത്തില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ഇന്ദുലേഖ ജോസഫ് പറഞ്ഞു.
















