അജ്മീര്‍: പുറത്താക്കപ്പെട്ട അജ്മീര്‍ ദര്‍ഗ ഷെരീഫ് സൈനുള്‍ അബ്ദീന് അലി ഖാനെതിരെ ഫത്വ. ജോധ്പൂര്‍ ദാരുള്‍ ഉലൂം ഇഷാസിയ മേധാവി ഷേര്‍ മുഹമ്മദ് ഖാനാണ് ഫത്വ പുറപ്പെടുവിച്ചത്. സൈനുള്‍ അബ്ദീന് അലിയുടെ വാക്കുകള്‍ അള്ളാഹുവിന്റെ വചനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞാണ് സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഷേര്‍ മുഹമ്മദ് ഖാന് പറഞ്ഞു.
ഗോവധം നിരോധിക്കണമെന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ മുസ്ലീങ്ങള്‍ ഗോമാംസം ഭക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്നും, ഒറ്റയടിക്കുള്ള വിവാഹമോചനത്തെ ശരിയത്ത് ഖുറാനോ അനുവദിക്കുന്നില്ലെന്നും അതിനാല്‍ മുത്തലാഖ് ആചാരം അവസാനിപ്പിക്കണമെന്നുമാണ് ഷെരീഫ് സൈനുള്‍ അബ്ദീന് അലി ഖാൻ രണ്ട് മാസം മുൻപ് പറഞ്ഞത്.
അതേ സമയം വിവാഹമോചനത്തെ കുറിച്ച് ഖുറാനില്‍ പരാമര്‍ശമുണ്ടെന്നും മുത്തലാഖിനെ ന്യായീകരിച്ചുകൊണ്ട് ഷേര്‍ മുഹമ്മദ് ഖാൻ പറഞ്ഞു. അത് നിഷേധിക്കുന്നത് അള്ളാഹൂവിന്റെ വാക്കുകള്‍ക്ക് വിരുദ്ധമാണ്. ഇത്തരക്കാര്‍ക്ക് സ്വന്തം മതത്തെ കുറിച്ച് വേണ്ട അറിവില്ല. അവര്‍ സമൂഹത്തോട് മാപ്പപേക്ഷിക്കുകയും ഖേദം പ്രകടിപ്പിക്കുകയും വേണം, ഷേര്‍ മുഹമ്മദ് ഖാന് കൂട്ടിച്ചേർത്തു.
വിവാദമായ പ്രസ്താവന പൊതുപരിപാടിയില്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രിലില്‍ ഖാന്റെ സഹോദരൻ അലിമി ഭരണസമിതയില്‍ നിന്ന് സൈനുള്‍ അബ്ദീന് അലിയെ പുറത്താക്കിയിരുന്നു. മുഴുവന്‍ കുടുംബത്തിന്റെയും പിന്തുണയോടെയാണ് താന്‍ സഹോദരനെ പുറത്താക്കിയതെന്ന് അലിമി അന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: