കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് സ്പോണ്സര് ചെയ്തതാണ് മലപ്പുറത്തെ സിപിഎം സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉയര്‍ത്തുക എന്നതാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം ലക്ഷ്യം വെച്ചിരിക്കുന്നത്.
ഈ വിഷയത്തില്‍ വി.എസ്. അച്യുതാനന്ദന് നിലപാട് വ്യക്തമാക്കണമെന്നും എം.ടി. രമേശ് കോഴിക്കോട്ട് ആവശ്യപ്പെട്ടു. കോഴിക്കോട് കോര്പ്പറേഷന് തെരുവുവിളക്ക് കരാര്‍ അഴിമതിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും ലീഗും തമ്മിലുണ്ടാക്കിയ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് മലപ്പുറത്ത് സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ 18ന് വളാഞ്ചേരിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ കണ്ടിരുന്നു. കേരളത്തിലെ ഒരു പ്രമുഖനായ മാധ്യമ നിരീക്ഷകന്റെ സാന്നിധ്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
ഇതിന് ശേഷമാണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമുണ്ടായത്. പട്ടികയില്‍ പ്രമുഖനായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നായിരുന്നു സിപിഎമ്മുകാര്‍ പറഞ്ഞിരുന്നത്. ഏറ്റവും മുതിര്‍ന്ന ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു പറയപ്പെട്ടത്.
എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക മാറ്റിമറിക്കപ്പെട്ടു. അപ്രതീക്ഷിതമായാണ് താന്‍ സ്ഥാനാര്ത്ഥിയാക്കപ്പെട്ടതെന്ന് മലപ്പുറത്തെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ബിഡിജെഎസുമായി ആലോചിച്ച ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: