തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍.
മലപ്പുറം വളാഞ്ചേരിയിലെ ഒരു വ്യവസായ പ്രമുഖന്റെ വീട്ടില്‍ ഈ മാസം 18നാണ് കൂടിക്കാഴ്ച നടന്നതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. അബ്ദുള്‍ വഹാബ് എം.പി അടക്കം നാലോളം പേരാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിക്കാന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
ഒന്നരമണിക്കൂര്‍ നീണ്ട രഹസ്യ ചര്‍ച്ചയില്‍ മലപ്പുറത്ത് സൗഹൃദ മത്സരം മാത്രമേയുണ്ടാകൂവെന്ന് പിണറായി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് പല പ്രമുഖരേയും തഴഞ്ഞ് പുതുമുഖ സ്ഥാനാര്‍ത്ഥിക്ക് സിപിഎം ടിക്കറ്റ് നല്‍കിയത്.
പിണറായിയുടെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് മനസ്സിലാക്കിയാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















