”ഹേ സ്വാമി വിവേകാനന്ദന് തത്ര ഭവാന് കണ്ടു-
ന്മത്ത കേരളമിതാ ഉദ്ബുദ്ധകേരളമായിരിക്കുന്നു.”
എന്ന് ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം വള്ളത്തോള്‍ പാടിയത് ഭാരതത്തിന്റേതെന്നപോലെ കേരളത്തിന്റെയും നവോത്ഥാനത്തിന് ശംഖനാദം മുഴക്കിയ വിവേകാനന്ദനെ അനുസ്മരിച്ചുകൊണ്ടാണ്.
”ഭാരതവര്‍ഷത്തിലെ
പൂര്വ്വരാമൃഷീന്ദ്രന്മാര്
പാരിനുള്ളടിക്കല്ലു-
പാര്‍ത്തു കണ്ടറിഞ്ഞവര്”
എന്ന വള്ളത്തോളിന്റെ പദ്യശകലം തന്നെ അദ്ദേഹത്തിന് ഭാരതീയ ഋഷീശ്വരന്മാരെക്കുറിച്ചുള്ള ആദരവ് പ്രതിഫലിക്കുന്നതാണ്. പൂര്‍വഗാമികളായ ആ ഋഷീശ്വരന്മാരുടെ പാത പിന്തുടര്ന്നെത്തിയവരായിരുന്നല്ലോ ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാര്. അവരുടെ ആവിര്‍ഭാവം, വള്ളത്തോള്‍ പാടിയതുപോലെ ”ഭാരതത്തിന്റെ പൊയ്പ്പോയ നാളുകള്‍ ഭൂരിഭാഗവും” തിരിച്ചുവരുത്താനുള്ള ദൗത്യത്തിന്റെ ഭാഗവുമായിരുന്നു.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ശക്തമായിത്തീര്‍ന്ന സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ കേരളത്തിലും പ്രതിധ്വനിച്ചപ്പോള്‍, ആ കാഹളത്തിന് കവിതയിലൂടെ ശക്തിപകരാന്‍ ശ്രമിച്ച സ്വരാജ്യസ്നേഹിയായ കവിയായിരുന്നു, വള്ളത്തോള്‍. ഗാന്ധിസ്വാധീനത്തെപ്പോലെ വിവേകാനന്ദസ്വാധീനം വള്ളത്തോളിന്റെ കവിതകളിലത്ര ശക്തമല്ലെങ്കിലും വിവേകാനന്ദസ്മരണ കവി ഒഴിവാക്കിയില്ല. കേകവൃത്തത്തിലെഴുതിയ ‘ഒരു കൃഷ്ണപ്പരുന്തിനോട്’ എന്ന് കവിതയില്‍ പക്ഷിശ്രേഷ്ഠനായ കൃഷ്ണപ്പരുന്തിനെപ്പോലെയാണ് കാവി വസ്ത്രധാരികള്‍ക്കിടയില്‍ വിവേകാനന്ദ സ്വാമികളെന്ന് കവി വര്‍ണിക്കുന്നു.
”കാവി വസ്ത്രത്താല്‍ സമാച്ഛാദിത ശീരരനായ്-
കേവലം ഭസ്മാലിപ്തഗ്രീവനാകിയ ഭവാന്” ഈ ഉലകത്തിലേക്ക് ഇറങ്ങി വന്ന് മറ്റുള്ളവരെയും ആത്മീയാംബരത്തിലെ സ്വാതന്ത്ര്യം നുകരുന്നതിന് സഹായിക്കുവാന്‍ അവതരിച്ച തേജഃപുഞ്ജമായാണ് കവി സ്വാമികളെ വര്‍ണിക്കുന്നത്.
നരേന്ദ്രനാഥ ദത്തന്റെ ജീവിതത്തിലെ സവിശേഷമായ ഒരു സന്ദര്‍ഭത്തെ ആസ്പദമാക്കി പാനവൃത്തത്തില് രചിച്ചതാണ് ‘നരേന്ദ്രന്റെ പ്രാര്‍ത്ഥന’ എന്ന കവിത. ശ്രീരാമകൃഷ്ണദേവന്റെ നിര്‍ദ്ദേശപ്രകാരം കാളീകോവിലിന് മുന്നിലെത്തിയ നരേന്ദ്രന്, ”വിത്തമല്ല വിരക്തിയാണര്ത്ഥിച്ച”ത്. മന്നിലെ മായയെ ജയിക്കാന്‍ പിറന്നോനെ മായക്ക് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് കവി ആ കാവ്യാവിഷ്കാരത്തിലൂടെ നല്‍കുന്നത്.
വള്ളത്തോള്‍ തന്റെ കവിതകളില്‍ വൈവിധ്യപൂര്‍ണമായ നൂറുകണക്കിന് വിഷയങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ആ കവിതകളിലൂടെ പ്രകാശിതമാകുന്നത് തത്ത്വചിന്തകനായ ഒരു കവിയല്ല. എന്നാല്‍ കുമാരനാശാന്റെ കവിതകളില്‍ ആത്മീയതയും ലൗകികതയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു തത്ത്വചിന്തകനെ കാണാം. കുമാരനാശാന് അന്തരിച്ച (1099 മകരം) വര്‍ഷം തന്നെ വള്ളത്തോള്‍ എഴുതിയ ‘നാഗില’ എന്ന കവിതയില്‍ കുമാരനാശന്റെ ഇഷ്ടപ്രമേയത്തെ വള്ളത്തോള്‍ പ്രതിപാദനവിഷയമാക്കുന്നതായി കാണാം.
ജീവിതത്തെ ദാര്‍ശനികമായി വ്യാഖ്യാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആശാന്റെ കവിത ആവിഷ്കൃതമായത്. ആത്മീയ-ലൗകികതകളുടെ ആഴമറിയാനുള്ള ശ്രമം വള്ളത്തോള്‍ കവിതകളേക്കാള്‍ കൂടുതല്‍ കുമാരനാശാന്റെ കവിതകളിലാണ്. ആശാനില്‍ അന്തര്‍ലീനമായിരുന്ന ആദ്ധ്യാത്മികത അതിന്റെ പൂര്‍ണതയ്ക്കുവേണ്ടിയുള്ള ശ്രമത്തില്‍ ലൗകികതയുമായി സംഘര്‍ഷത്തില്‍ ഏര്പ്പെട്ടപ്പോഴുണ്ടായ ആത്മസംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കാവ്യകൃതികളിലൂടെ അനാവൃതമാകുന്നു.
വള്ളത്തോള്‍ കവിതകളില്‍ അത് അപൂര്‍വമാണ്. എന്നാല്‍ ‘നരേന്ദ്രന്റെ പ്രാര്‍ത്ഥന’, ‘ഒരു ശ്രീകൃഷ്ണപ്പരുന്തിനോട്’ തുടങ്ങിയ കവതികള്‍ ആത്മീയ-ലൗകിക സംഘര്‍ഷം അനാവൃതമാക്കുന്നവയാണ്. വിവേകാനന്ദ ആശയങ്ങളുടെ സ്വാധീനം ആശാനിലെന്നപോലെ വള്ളത്തോളിലും ചെലുത്തിയതിന്റെ ഫലമാണ് ഇത്തരമൊരു വിഷയത്തിലുള്ള കാവ്യരചനകള്‍ ഉണ്ടായതെന്ന് അനുമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: