കൊല്ലം: ചക്കുവള്ളി ക്ഷേത്രഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കണമെന്ന ഹൈക്കോടതിവിധി അട്ടിമറിച്ച ഡിവൈഎസ്പി കൃഷ്ണകുമാറിനെതിരെ ബിജെപി കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് ഇയാള്‍ക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കും.
കുണ്ടറയിലെ പത്തുവയസ്സുകാരിയുടെ ദൂരൂഹമരണത്തിലും ഇതേ ഡിവൈഎസ്പിയാണ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. കുട്ടിയുടെ അച്ഛനെ പ്രതിയാക്കി കള്ളക്കേസെടുത്ത് കുറ്റക്കാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുണ്ടാക്കുകയായിരുന്നു ഇയാള്‍. ഇയാളെത്തന്നെ വീണ്ടും അന്വേഷണച്ചുമതല ഏല്പിച്ചത് ദുരൂഹത സൃഷ്ടിക്കുന്നതാണ്. ഇത്തരക്കാര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകണമെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു.
ക്രിമിനലുകള്‍ക്കൊപ്പം ഓടുകയാണ് കേരളത്തിലെ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍. മന്ത്രി മേഴ്സിക്കുട്ടിയമ്മ സ്ത്രീപീഡകര്‍ക്ക് ഉലുവാക്കഷായം വെക്കുന്ന തിരക്കിലാണെന്നും ബിജെപി നേതാവ് പരിഹസിച്ചു. സിപിഎമ്മുകാരന് പറയുന്ന ആളുകളെ പിടികൂടാനും അവര്‍ക്കായി തിരക്കഥ മെനയാനുമാണ് പോലീസ് ശ്രമിക്കുന്നത്. കുണ്ടറയില്‍ പോലീസ് നിലപാട് കിളിരൂരിലേതിന് സമാനമാണ്.
കിളിരൂരിലും കവിയൂരിലുമൊക്കെ വിഐപിയെ പിടിക്കുമെന്ന് പറഞ്ഞുനടന്ന വിഎസ് ഇപ്പോള്‍ പിണറായി നല്കിയ കൈക്കൂലിക്കസേരയിലാണിരിപ്പെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: