കൊച്ചി: കേരളത്തിലെ ആധുനിക ഹിന്ദുനവോത്ഥാന രംഗത്തെ ദാര്‍ശനിക ആചാര്യനായ പി പരമേശ്വരന്റെ നവതിയാഘോഷം ഏപ്രില്‍ 1, 2 തിയതികളില്‍ എറണാകുളത്ത് നടക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി പരമേശ്വര്‍ജി കഴിഞ്ഞ ഏഴു പതിറ്റാണ്ടായി കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ്.
1927 ഒക്ടോബര്‍ മാസം പത്താം തിയതി, കൊല്ലവര്‍ഷം 1102 കന്നി മാസത്തിലെ തിരുവോണ നാളില്‍ ചേര്‍ത്തല ചാരമംഗലം താമശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന് ഇളയതിന്റെ മൂന്നാമത്തെ മകനായാണ് പി പരമേശ്വരന് ജനിച്ചത്. ചാരമംഗലം സംസ്കൃത സ്കൂള്‍, ചേര്‍ത്തല ഗവണ്മന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസം നിര്‍വഹിച്ചു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ദ്രുതകവിത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പ്രശസ്ത കവി വയലാര്‍ രാമവര്‍മ്മയുള്‍പ്പെടെയുള്ള പ്രമുഖര്‍ പരമേശ്വര്‍ജിയുടെ സഹപാഠികളായിരുന്നു.
ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്നും ഇന്റര്‍ മീഡിയേറ്റ് പാസായതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബി എ ഹിസ്റ്ററി ഓണേഴ്സ് ബിരുദം നേടി. ഇക്കാലയളവില്‍ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ആകൃഷ്ടനായി മുഴുവന്‍ സമയ പ്രചാരകനായി മാറുകയായിരുന്നു. പിന്നീടുള്ള ഏഴു പതിറ്റാണ്ട് കേരളത്തിലെ വിവിധ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപകനാണ്.
ബിജെപിയുടെ ആദ്യകാല രാഷ്ട്രീയ രൂപമായിരുന്ന ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശി ദേശീയ സെക്രട്ടറി, ദേശീയ ഉപാദ്ധ്യക്ഷന്‍, തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ബൗദ്ധികമേഖലയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റി. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സ്ഥാപനത്തിനു ശേഷം കേരളത്തിലേക്ക് ആസ്ഥാനം മാറ്റിയ അദ്ദേഹം കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനുമാണ. ദല്‍ഹിയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സ്ഥാപനത്തിനു പിന്നിലും പരമേശ്വര്‍ജിയാണ് പ്രവര്‍ത്തിച്ചത്.
മലയാളിയുടെ ധൈഷണിക മണ്ഡലത്തില്‍ കാലാകലങ്ങളായി സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന പി പരമേശ്വരന്റെ സംഭാവനകളെ മാനിച്ച് 2004 ല്‍ അദ്ദേഹത്തിന് രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചു.
പൊതുവെ പ്രശസ്തിയോട് മുഖം തിരിച്ചു നില്ക്കുന്ന പരമേശ്വര്‍ജിയുടെ ജന്മനക്ഷത്ര ദിവസം ചേര്‍ത്തല ചാരമംഗലത്തെ വീട്ടില്‍ ബന്ധുക്കളും അടുത്ത സഹപ്രവര്‍ത്തകും ചേര്‍ന്ന് ഒരുക്കിയ ചടങ്ങ് മാറ്റി നിറുത്തിയാല്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിരുന്നില്ല. ഒടുവില്‍ ഭാരതീയ വിചാരകേന്ദ്രം മുന്‍കയ്യെടുത്താണ് നവതിയാഘോഷം നടത്താന്‍ തീരുമാനിച്ചത്.
കേരളത്തിലെ പന്ത്രണ്ട് പ്രമുഖ സന്യാസി വര്യന്മാരുടെ അനുഗ്രഹത്തോടെ പ്രവര്‍ത്തിക്കുന്ന നവതിയാഘോഷ സമ്മിതിയുടെ ചെയര്മാന് ജസ്റ്റീസ് കെടി തോമസാണ്. മഹാകവി അക്കിത്തം, ഡോ എം ജി എസ് നാരായണന്, ഡോ പി കെ വാര്യര്‍, ഡോ ജി മാധവന് നായര്‍, എം പി വീരേന്ദ്രകുമാര്‍ എം പി, ഡോ ബാബു പോള്‍ തുടങ്ങി കേരളത്തിലെ സമസ്ത മേഖലകളെയും പ്രതിനിധീകരിക്കുന്ന 1001 പേരാണ് ആഘോഷ സമ്മിതിയിലുള്ളത്.
ഭാരതീയ സംസ്കാരത്തിന് പരമേശ്വര്‍ജി നല്കിയ സംഭാവനകളെ സമൂഹത്തിനു മുന്നില്‍ തുടര്‍ച്ചയായി ഓര്‍മ്മപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നവതിയാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഭാരതീയ വിചാര കേന്ദ്രം അറിയിച്ചു. പരമേശ്വര്‍ജിയോടുള്ള സമാദരം പ്രകടിപ്പിക്കുന്നതോടൊപ്പം നവിതായഘോഷം കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ ഭാരതീയമായ ചിന്താധാരയുടെ ഉദ്ബോധനമാണ് വിചാര കേന്ദ്രത്തിന്റെ ലക്ഷ്യം. ഏപ്രില്‍ ഒന്നു മുതല്‍ ഒക്ടോബര്‍ മാസം വരെ നീണ്ടു നില്ക്കുന്ന ഗീത സെമിനാറുള്പ്പെടെയുള്ള വിവിധ വൈചാരിക, ബൗദ്ധിക കാര്യപരികള് കേരളത്തിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്.
















