പീഡനക്കേസില്‍ പിടിയിലായ വികാരി തോമസ് പാറേക്കുളം
കൊട്ടാരക്കര: ബൈബിള്‍ പഠനത്തിനെത്തിയ 14കാരനെ പീഡിപ്പിച്ച കേസിലെ പ്രതി പള്ളി വികാരി ഫാ. തോമസ് പാറേക്കുള(ബിജു 37)ത്തെ തമിഴ്നാട്ടിലെ മധുരയില്‍ നിന്നും റൂറല്‍ എസ്പി യുടെ ഷാഡോ പോലീസ് പിടികൂടി. മധുര ഉസിലാംപെട്ടിയിലെ എസ്.ഡി.എം സന്യാസ സമൂഹത്തിന്റെ പ്രത്യേക കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ഞായറാഴ്ച ഇയാളെ പൂവാര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പൂത്തൂരില്‍ എത്തി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ തെളിവെടുപ്പിന് മൂഴിക്കോട് പള്ളിയില്‍ എത്തിച്ചപ്പോള്‍ പള്ളിക്കകത്ത് കയറി പുറം വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൂവാര്‍ പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ കൊട്ടാരക്കര സി.ഐ. ഷൈനുതോമസിന് അന്വേഷണം കൈമാറുകയായിരുന്നു.
പുത്തൂര്‍ തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരി, വെണ്ടാര്‍ മൂഴിക്കോട് സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിലെ വികാരിയാണ് കാസര്‍കോട് ചീമേനി പാറേക്കുളം തോമസ് എന്ന ബിജു. ചെന്നൈ ആസ്ഥാനമായ എസ്ഡിഎം സന്യാസി സമൂഹത്തിലെ അംഗമായ ഇദ്ദേഹം പുല്ലാമല സെമിനാരിയിലെ അധ്യാപകനുമാണ്. ഇവിടെ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയത്.
ധാരാളം കുട്ടികള്‍ ഇവിടെ പഠിക്കാന്‍ ആദ്യം ഉണ്ടായിരുന്നുവെങ്കിലും വികാരിയുടെ പീഡനങ്ങളെ തുടര്‍ന്ന് ഇവര്‍ കൊഴിഞ്ഞുപോയി. 2016 ജൂലായ് മാസത്തിലാണ് പാതിരി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി നല്‍കിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി റൂറല്‍ എസ്പി എസ്.സുരേന്ദ്രന് പറഞ്ഞു.
സമാന സ്വഭാവമുള്ള കേസുകള്‍ കൂടുതല്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തും. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയതായി സൂചനയുണ്ട്. ഇതില്‍ പൂവാര്‍ കരിങ്കുളം സ്വദേശിയായ 14 കാരന്റെ മൊഴി മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. പള്ളിയുടെ രണ്ടാം നിലയില്‍ വച്ചായിരുന്നു പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ നടത്തിയിരുന്നത്. രാത്രിയില്‍ കുട്ടികളെ ഓരോരുത്തരെയായി കൂട്ടിന് കിടക്കാന്‍ കൊണ്ടുപോയായിരുന്നു പീഡനം.
പള്ളിയിലെ കപ്യാരെ ഞായറാഴ്ച രാത്രിയില്‍ പുത്തൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മധുരൈയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കരയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കി.
















