തിരുവനന്തപുരം: കിഫ്ബി വഴി 8041 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അംഗീകാരം. റോഡുകള്‍, പാലങ്ങള്‍, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി, പട്ടികവര്‍ഗ വികസനം, വൈദ്യുതി ട്രാന്സ്മിഷന് ഗ്രിഡ് മുതലായ പദ്ധതികളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വിവിധ വകുപ്പുകള്‍ ബോര്‍ഡിന്റെ പരിഗണനക്കായി സമര്‍പ്പിച്ച പദ്ധതികള്‍ പരിശോധിച്ചാണ് മുഖ്യമന്ത്രി അധ്യക്ഷനായി ചേര്‍ന്ന കിഫ്ബിയുടെ 28-ാം യോഗത്തില്‍ 8041 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചത്. ഒന്നാംഘട്ടത്തില്‍ 4022 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിക്കപ്പെട്ടത്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന പണം തടസം കൂടാതെ സേവനദാതാവ്, സപ്ലൈയര്‍, കോണ്ട്രാക്ടര് മുതലായവര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് കിഫ്ബിയില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിറ്റി) സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ബോര്‍ഡ് അംഗീകാരം നല്കി.
യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഉപാധ്യക്ഷന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് എന്നിവര്‍ക്ക് പുറമെ അംഗങ്ങളായ പ്ലാനിംഗ് ബോര്‍ഡ് വൈസ്ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്, ചീഫ്സെക്രട്ടറി എസ്.എം.വിജയാനന്ദ്, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ധനകാര്യ റിസോഴ്സ് സെക്രട്ടറി മിന്‍ഹാജ് ആലം, സ്വതന്ത്ര അംഗങ്ങളായ മുന്‍ ധനകാര്യ സെക്രട്ടറി ഡോ.ഡി. ബാബുപോള്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര,ധനകാര്യ വിഭാഗം പ്രൊഫസര്‍ സി.പി. ചന്ദ്രശേഖര്‍, റിസര്‍വ് ബാങ്ക് മുന്‍ റീജിയണല്‍ ഡയറക്ടര്‍ സലിം ഗംഗാധരന്, സെബി മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജെ.എന്‍. ഗുപ്ത, രാധാകൃഷ്ണന് നായര്‍, പതിനാലാം കേന്ദ്ര ധനകാര്യകമ്മീഷന് അംഗം സുദീപ്തോ മണ്ഡല്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: