ന്യൂദല്‍ഹി: ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് ഷാമിയെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഫാസ്റ്റ് ബൗളര്‍മാരെ തുണക്കുന്ന പിച്ചാണ് ധര്‍മ്മശാലയിലേത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കോച്ച് അനില്‍ കുംബ്ലെയും ഇതുസംബന്ധിച്ച സൂചന നല്കി.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സെലക്ടര്‍മാരാണ് കൈകൊള്ളേണ്ടത്. അവര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. തിങ്കളാഴ്ചനടന്ന വിജയ്ഹസാരെ ട്രോഫി ഫൈനലില്‍ ബംഗാളിന് വേണ്ടി നാല് വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനമാണ് ഷമി കാഴ്ചവെച്ചത്.
ഇതും ഷമിക്ക് അനുകൂലമായി. പതിനാറാമനായാണ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുക. പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷമി പുറത്തായത്. തുടര്‍ന്ന് ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും സ്പിന്‍ പിച്ചുകളായതിനാല്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
നിലവില്‍ ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവുമാണ് ഇന്ത്യന്‍ ടീമിലെ പേസര്‍മാര്‍. ഉമേഷ് മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും ഇഷാന്ത് ഫോമിലല്ല. 25നാണ് ധര്‍മ്മശാലയില്‍ മത്സരം. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. ധര്മ്മശായിലെ വിജയികള്‍ക്ക് പരമ്പര സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: