വാഷിങ്ടണ്‍: ലാപ്ടോപ്പുകളും ഐപാഡുകളും ക്യാമറകളും മറ്റ് ചില ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിച്ച് ഉത്തരവിറക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി യുഎസ് അധികൃതര്‍.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രോണിക്ക് ഉപകരണങ്ങളിലെ ബാറ്ററികളിലും ബാറ്ററി അറകളിലും ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇതു സംബന്ധിച്ച വിഷയത്തില്‍ രഹസ്യാന്വേഷണം വിഭാഗത്തിന്റെ മുന്നറിയിപ്പുകളുമുണ്ടായിരുന്നു.
അറേബ്യന്‍ പെനിന്‍സുലയിലുള്ള അല്‍ ഖ്വയ്ദ ഭീകര സംഘടന ലാപ്ടോപ്പുകളിലും മറ്റ് ഉപകരണങ്ങളിലുമുള്ള ബാറ്ററികളില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എട്ട് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുളള വിമാനങ്ങളില്‍ ലാപ്ടോപ്പുകളും ഐപാഡുകളും ക്യാമറകളും മറ്റ് ചില ഇലക്ട്രോണിക് ഉപകരണങ്ങളും നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ചൊവ്വാഴ്ചയാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.
റോയല്‍ ജോര്‍ദാന്‍ എയര്‍ലൈന്റെയും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെയും പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ഈജിപ്ത്, ജോര്‍ദാന്‍, കുവൈറ്റ്, മൊറോക്കോ, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ പത്ത് രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുളള നോണ്‍സ്റ്റോപ് വിമാനങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സെല്‍ഫോണുകളും ചികില്‍സാ ഉപകരണങ്ങളും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവ എല്ലാം ചെക്ക് ഇന്‍ ബാഗേജുകളില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
ന്യൂയോര്‍ക്ക്, ചിക്കാഗോ, ഡെട്രോയ്റ്റ്, മോണ്ട്രിയല് തുടങ്ങിയ വിമാനത്താവങ്ങളിലേക്കുളള വിമാനസര്‍വീസുകളെ നിരോധനം ബാധിക്കുമെന്ന് റോയല്‍ ജോര്‍ദാനിയന്‍ അറിയിച്ചു. റിയാദ്, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകളെ നിരോധനം ബാധിക്കുമെന്ന് സൗദിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചെക്ക് ഇന്‍ ബാഗേജുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുന്നത് മോഷണം കുതിച്ചുയരാന്‍ കാരണമാകുമെന്ന് വിലയിരുത്തലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: