നാദാപുരം: ജിഷ്ണു പ്രണോയി യുടെ മരണത്തില്‍ പ്രതിപ്പട്ടികയിലുള്ള പാമ്പാടി നെഹ്റു കോളേജ് ചെയര്മാന് പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ അമ്മ മഹിജ ചീഫ് ജസ്റ്റിസിന് പരാതി നല്കി.
കൃഷ്ണദാസിന് കഴിഞ്ഞ മാസം 28ന് ഹൈക്കോടതി 3 സി ബെഞ്ച് ജഡ്ജി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇദ്ദേഹത്തിന് നെഹ്റു കോളജ് അധികൃതരുമായി അടുത്ത ബന്ധം ഉള്ളതായി സൂചന നല്കുന്ന ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്ന് മഹിജ ചൂണ്ടിക്കാട്ടി. ചിത്രം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മകന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ടാക്കാനും ഇതിടയാക്കി. നീതി ലഭിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണം.
ജഡ്ജിക്ക് കോളേജ് അധികൃതരുമായി സംശുദ്ധമായ ബന്ധമാണ് എന്ന് ബോധ്യപ്പെടുത്തിത്തരണം, അമ്മ അപേക്ഷിക്കുന്നു.
ലക്കിടി ലോ കോളജിലെ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസടക്കമുള്ളവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കേസ് പരിഗണിക്കവെ അറസ്റ്റ് ചെയ്ത നടപടിയെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചു.
ഈ സംഭവത്തോടെയാണ് നവമാധ്യമങ്ങളില്‍ ജഡ്ജി, ലോ കോളജ് പ്രിന്‍സിപ്പാള്‍, നിയമോപദേശക എന്നിവര്‍ കോളേജ് ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചത്. ഈ ചിത്രങ്ങള്‍ അടക്കമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: