വടക്കാഞ്ചേരി: ലക്കിടി കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് കൃഷ്ണദാസ് ഉൾപ്പടെ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യഹർജി തള്ളിയതിന് പിന്നാലെ പോലീസ് കൃഷ്ണദാസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകി. കൂടുതൽ തെളിവെടുപ്പിന് ഇയാളെ കസ്റ്റഡിയിൽ വേണമെന്നാണ് അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. കൃഷ്ണദാസിന്റെ കോളജിലെ മുറിയിൽ വിശദമായ പരിശോധന വേണമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസിലെ അഞ്ചാം പ്രതി പാമ്പാടി നെഹ്റു കോളജിലെ കായികാധ്യാപകൻ ഗോവിന്ദൻകുട്ടി, ലക്കിടി കോളേജിന്റെ പിആർഒ വത്സലകുമാരൻ എന്നിവരാണ് കൃഷ്ണദാസിന് പുറമേ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കെട്ടിച്ചമച്ച കേസാണിതെന്നും അറസ്റ്റ് ചെയ്യുമ്പോള്‍ ജാമ്യമുള്ള വകുപ്പുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കസ്റ്റഡി റിപ്പോര്‍ട്ടില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇത് ക്രമക്കേടാണെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. ഇത് കോടതി തള്ളി.
എന്നാല്‍ പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതികളെല്ലാം ഉന്നത സ്ഥാനത്തുള്ളവരാണെന്നും പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ തെളിവുകൾ ശേഖരിക്കാൻ കൃഷ്ണദാസിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി മുഖവിലയ്‌ക്കെടുത്തു. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെ വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ ലക്കിടി കോളജ് ജീവനക്കാരൻ സുകുമാരന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്ന കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്രയ്‌ക്ക് നേരത്തെ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.
















