തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം കുടുംബത്തിലും സമൂഹത്തിലും ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന് കീഴിലെ ഗുരുധര്‍മപ്രചാരണ സഭ. മദ്യവിതരണം വ്യാപകമാകുന്ന തരത്തിലുള്ള പുതിയ നയം വേദനാജനകവും നിരാശാജനകവുമാണെന്നും ഗുരുധര്‍മപ്രചാരണ സഭ പത്രക്കുറിപ്പില്‍ അറിയിച്ചു.
മദ്യം ഉണ്ടാക്കുന്നതിലും കൊടുക്കുന്നതിലും വര്‍ജനം വേണം. അത് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ശ്രീനാരായണഗുരുദേവന്‍ ഉപദേശിച്ച മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന സന്ദേശം യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വേളയിലാണ് പുതിയ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ നയം തിരുത്തി കേരള ജനതയെ രക്ഷിക്കണമെന്നും സഭ വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദബാബു, രജിസ്ട്രാര്‍ ടി.വി. രാജേന്ദ്രന് എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.
















