സംസ്കൃതി പൂരകം
ചില സംഭാഷണ ശ്ലോകങ്ങലും കൂടി പരിശീലിക്കാം. കാവ്യമീമാംസയിലെയാണ് ഈ ശ്ലോകം. കവിയേയും ആസ്വാദകനേയും വിലയിരുത്തി രാജശേഖരന്, ഒരു വഴിപോക്കനും കവിയും തമ്മിലുള്ള സംഭാഷണ രീതിയിലാണ് ഈ ശ്ലോകമവതരിപ്പിക്കുന്നത്.
കസ്ത്വം ഭോഃ! കവിരസ്മി കാപ്യഭിനവാ
സൂക്തിഃ സഖേ പഠ്യതാം
ത്യക്താ കാവ്യകലൈവ സംപ്രതി മയാ,
കസ്മാദിദം? ശ്രൂയതാം
യഃ സമ്യക്വി വിനക്തി ദോഷഗുണയോ
സാരം, സ്വയം സത്കവിഃ
സോളസ്മിന് ഭാവക ഏവ നാസ്ത്യഥ
ഭവേദൈവാന്ന നിര്‍മ്മത്സരഃ
വഴിപോക്കന്: കസ്ത്വം ഭോഃ?
(ത്വം കഃ ഭോഃ നീയാരാണ്?)
കവിഃ – കവിഃ അസ്മി (ഞാന്‍ കവിയാണ്)
വഴിപോക്കന്:- കാപി അഭിനവാ സൂക്തിഃ സഖേ പഠ്യതാം (പുതിയ രചനകള്‍ എന്തൊക്കെയാണ്, ചൊല്ലിയാലും)
കവിഃ കാവ്യകലാ ഏവ സംപ്രതി മയാത്യക്താ (കവിതയെഴുത്തൊക്കെ ഞാന്‍ നിര്‍ത്തിയിരിക്കുന്നു)
വഴിപോക്കന്: കസ്മാദിദം? (അതെന്താണ്?)
കവിഃ- ശ്രൂയതാം (കേട്ടാലും)
ദോഷഗുണയോഃ സാരം യഃ സമ്യക് വിവിനക്തി
സ്വയം സത്കവിഃ സഃ അസ്മിന് ഭാവക ഏവ
നാസ്തി. അഥ ഭവേത് ദൈവാത്
ന നിര്‍മ്മത്സരഃ (ഗുണദോഷങ്ങളെ വിവേചിക്കാന്‍ കഴിവുള്ളവനും സ്വയം കവിയുമായ ഒരു സഹൃദയന് ഇന്നില്ല. അപ്രകാരം ഒരാളുണ്ടെങ്കില്‍ തന്നെ അയാള്‍ നിഷ്പക്ഷനുമല്ല)
താഴെ കൊടുക്കുന്ന വാചകങ്ങള്‍ വായിക്കൂ.
1. യഃ ഗായതി സഃ ഗായകഃ
2. യഃ ഗച്ഛതി സഃ മമ സഹോദരഃ
(1. ആരാണോ പാടുന്നത് അവന് ഗായകന്.
2. ആരാണോ പോകുന്നത് അയാള്‍/അവന് എന്റെ സഹോദരന്)
യാ – സാ എന്ന് സ്ത്രീലിംഗപ്രയോഗം.
യത് – തത് എന്ന് നപുംസക ലിംഗത്തില്‍.
പിന്നീട് ചില പാഠങ്ങളില്‍ പഠിക്കാം.
മറ്റൊരു സുഭാഷിതം പഠിക്കാം. ഇതുമൊരു സംഭാഷണ രൂപത്തിലുള്ള ശ്ലോകമാണ്. ഹംസവും കൊക്കുകളും തമ്മിലുള്ള സംഭാഷണമാണിത്.
കസ്ത്വം ലോഹിതലോചനാസ്യ ചരണൗ,
ഹംസഃ, കുതോ, മാനസാത്
കിം തത്രാസ്തി സുവര്ണപങ്കജവനാ-
ന്യംഭ സുധാസന്നിഭം
ഭൂയഃ കിം, കഥയസ്വ വിദ്രുമലതാ
പുഷ്പംഞ്ച സൗഗന്ധികം
ശംബൂകാഃ കിമുസന്തി നേതി ച
ബകൈരാകര്ണ്യ ഹീ ഹീകൃതഃ
ഒരു ഹംസം നാട്ടിന്‍പുറത്ത് കൊക്കുകളുടെ കൂട്ടത്തില്‍ വന്നു. അപൂര്‍വമായ ഒരു ജീവിയെ കണ്ട് കൊക്കുകളൊക്കെ വട്ടംകൂടി ചോദ്യം ചെയ്യാന്‍ തുടങ്ങി.
കഃ ത്വം ലോഹിതലോചനാസ്യ ചരണൗ
(തീക്കട്ടപോലുള്ള ചുവന്ന കണ്ണുള്ള നീയാര്)
ഹംസം മറുപടി പറഞ്ഞു, ഞാന്‍ ഹംസമാണ്.
കൊക്ക് = കുതഃ ? (എവിടുന്നാണ് വരവ്)
ഹംസം= മാനസാത് (മാനസസരസില്നിന്ന്)
കൊക്ക് = കിം തത്രാസ്തി? (എന്താ അവിടെയുള്ളത്)
ഹംസം = സുവര്‍ണ പങ്കജവനാനി,
സുധാസന്നിഭം അംഭഃ (സ്വര്‍ണനിറത്തിലുള്ള താമരക്കാടുണ്ട്. പിന്നെ അമൃതിനു തുല്യമായ വെള്ളവും)
കൊക്ക് = ഭൂയഃ കിം? കഥയസ്വ
(പിന്നെന്താ ഉള്ളത്, പറയൂ)
ഹംസം = വിദ്രുമലതാ പുഷ്പം ച സൗഗന്ധികം (നവരത്നങ്ങള്‍ക്കു തുല്യമായ ഒരു സസ്യം, സൗഗന്ധിക പൂവുമുണ്ടവിടെ)
ഇതൊക്കെ കേട്ട ഒരു കൊക്ക് ചോദിച്ചു
കിമു ശംബൂകാഃ സന്തി? (എന്താ അവിടെ ഞവണിക്ക ഉണ്ടോ ധാരാളം) ഹംസം പറഞ്ഞു നേതി= ഹേയ്! ഞവണിക്ക്യോ? വിഡ്ഢി അതൊന്നുമില്ല.
അപ്പോഴേക്കും കൊക്കുകള്‍ ഹീ! ഹീ! എന്ന് കളിയാക്കി. നിന്റെയൊരു മാനസ്സസരസ്! ഒരു ഞവണിക്കപോലുമില്ലാത്ത സ്ഥലം എന്ന ഭാവത്തില്‍. ഹംസത്തിന്റെയും കൊക്കിന്റെയും സംഭാഷണത്തിലൂടെ ഇന്നത്തെ ഗ്രാമജീവിതത്തില്‍ നടക്കുന്ന സംഭവവും പറയുന്നുണ്ട് സുഭാഷിതകാരന്.
ഇതേപോലെ രണ്ടു സംഭാഷണ ശ്ലോകങ്ങളും കൂടി അടുത്ത പാഠത്തില്‍ പരിശീലിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: