കൊച്ചി: ജില്ലയുടെ പല ഭാഗങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരെ ലക്ഷ്യംവച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം.
പെരുമ്പാവൂര്‍, ആലുവ, മട്ടാഞ്ചേരി, കാക്കനാട്, എറണാകുളം നഗരം, മൂവാറ്റുപുഴ ഭാഗങ്ങളിലാണ് മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രങ്ങള്‍. നഗരത്തിലെ ചില ഒഴിഞ്ഞ കെട്ടിടങ്ങള്‍, ബസ്സ്റ്റാന്റ്, റെയില്‍വേസ്റ്റേഷനുകള്‍ എന്നിവിടങ്ങളും കഞ്ചാവ് മാഫിയയുടെ വിഹാരകേന്ദ്രങ്ങളാണ്. ഇവിടങ്ങളില്‍ ഉപഭോക്താക്കളായി എത്തുന്നത് വിദ്യാര്‍ത്ഥികളടക്കമുള്ള യുവതലമുറയാണ്. കഞ്ചാവ് നിറച്ച ബീഡികളും സിഗരറ്റുകളും വില്‍ക്കുന്ന സംഘവും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു ഗ്രാം മുതല്‍ 10 ഗ്രാംവരെയുള്ള പാക്കറ്റുകളാക്കിയാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത്. നിരവധിതവണ കഞ്ചാവുമായി അറസ്റ്റിലായവര്‍ തന്നെയാണ് ജാമ്യത്തിലിറങ്ങി വീണ്ടും വില്‍പ്പന തുടരുന്നത്. ആന്ധ്ര, ബംഗാള്‍, കമ്പം, തേനി, ഇടുക്കി എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍മാര്‍ഗം എത്തിക്കുന്നുണ്ട്.
കഞ്ചാവിന് അടിമപ്പെട്ട വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചും ചില കോളേജുകളില്‍ വില്‍പ്പന നടക്കുന്നുണ്ട്. പോലീസും എക്സൈസും സജീവമായി രംഗത്തുണ്ടെങ്കിലും ലഹരിവസ്തുക്കളുടെ വരവിന് കുറവില്ല. ഹാന്‍സ് ഉള്‍പ്പെടെയള്ള നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളും ജില്ലയില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: