മലയിന്‍കീഴ് : മൂക്കുന്നിമല ക്വാറി മാഫിയയില്‍ നിന്ന് ഏറ്റെടുത്ത് സംസ്ഥാന ഭൂബാങ്കില്‍ ചേര്‍ക്കണമെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് മുന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അവഗണിച്ചതായി ആക്ഷേപം. അങ്ങനെയൊരു കത്ത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലന്നായിരുന്നു ബിജു പ്രഭാകറിന്റെ വാദം.
2014 ഫെബ്രുവരി 14 ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആയി ചുമതലയേറ്റ ബിജു പ്രഭാകറിന് തൊട്ടടുത്ത മാസം മാര്‍ച്ച് 5 നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കത്തെഴുതിയത്. രണ്ട് കത്തുകള്‍ ഇതേ ആവശ്യത്തിന് മുന്‍പിരുന്ന കളക്ടര്‍ക്ക് അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന ആക്ഷേപവും കമ്മീഷണര്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു. ബിജു പ്രഭാകറിനെ പ്രിയപ്പെട്ടവനെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അര്‍ദ്ധ ഔദ്യോഗികമായാണ് കത്ത് എഴുതിയിരിക്കുന്നത്. ബിജു പ്രഭാകര്‍ ചുമതലയേല്‍ക്കും മുന്‍പ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും 2013 ഒക്ടോബര്‍ 3 നും, 2014 ജനുവരി 3 നുമാണ് മുന്‍ ജില്ലാ കളക്ടര്‍ക്ക് കത്തെഴുതിയതായി പറയുന്നത്. മൂക്കുന്നിമല ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് എഴുതിയ കത്തുകള്‍ക്ക് മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് കളക്ടറായി ചുമതലയേറ്റ ബിജു പ്രഭാകറിന് കമ്മീഷണര്‍ വിശദമായ കത്തയച്ചത്.
റവന്യൂ കമ്മീഷണറുടെ കത്തില്‍ ഇങ്ങനെ പറയുന്നു. ”പ്രിയപ്പെട്ട ബിജു പ്രഭാകര്‍, മൂക്കുന്നിമലയില്‍ റബ്ബര്‍ പ്ലാന്റേഷനായി പതിച്ചു നല്‍കിയിരുന്ന ഭൂമിയില്‍ വ്യവസ്ഥകള്‍ക്ക് വിപരീതമായി പാറഖനനം നടത്തുന്നു. ഇവരെ ഒഴിപ്പിച്ച് ഭൂമിയുടെ പട്ടയം റദ്ദാക്കി സ്ഥലം ലാന്‍ഡ് ബാങ്കില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ നടപടി വിവരം നാളിതുവരെയായി ഈ കാര്യാലയത്തില്‍ ലഭ്യമായിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ബഹു. മുഖ്യമന്ത്രി അടിയന്തിരമായി ലഭ്യമാക്കുവാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി ഈ കാര്യാലയത്തില്‍ അറിയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ താങ്കള്‍ വ്യക്തിപരമായ ശ്രദ്ധ പതിപ്പിച്ചു ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം മടക്ക തപാലില്‍ തന്നെ ഈ കാര്യാലയത്തില്‍ ലഭ്യമാക്കണമെന്ന് താല്പര്യപ്പെടുന്നു. ‘ ഈ കത്തിനുള്ള മറുപടി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് സ്ഥാനമൊഴിയുന്നതു വരെയും ബിജു പ്രഭാകര്‍ നല്‍കിയില്ല. സംസ്ഥാന ലാന്‍ഡ് റവന്യു കമ്മീഷ്ണറുടെ ഈ കത്ത് കിട്ടിയില്ലെന്നാണ് ബിജു പ്രഭാകര്‍ പറഞ്ഞത്.
പട്ടയം റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കണമെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ച് 2015 ല്‍ മൂക്കുന്നിമല മച്ചേല്‍ അശ്വതി ഭവനില്‍ ലതാ പ്രീത്, മൂക്കുന്നിമല പ്ലോട്ട് നമ്പര്‍ 101 ല്‍ രാജീവ് എന്നിവര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. മൂക്കുന്നിമലയിലെ ഭൂനഷ്ടം കണക്കാക്കണമെന്നതായിരുന്നു ഇവരുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ കോടതിയിലും ലാന്‍ഡ് റവന്യു കമ്മീഷണറുടെ കത്ത് കളക്ടറുടെ ഓര്മ്മപിശകില് കുടുങ്ങിക്കിടന്നു.
മൂക്കുന്നിമല ഖനനം നിര്‍ത്തിവച്ച് വിജിലന്‍സ് എന്‍ക്വയറിക്ക് കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും ലതയും രാജീവും ഹൈക്കോടതിയില്‍ നിന്ന് ഖനനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നേടിയെടുത്തു. ഇതോടെ മൂക്കുന്നിമലയില്‍ ഖനനം നിലച്ചു. എന്നിട്ടും ലതയും രാജീവും നിയമ പോരാട്ടം അവസാനിപ്പിക്കാന്‍ കൂട്ടാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: