ന്യൂദല്‍ഹി: അജ്മേര്‍ ദര്‍ഗ ബോംബ് സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. 2007ലെ സ്ഫോടനക്കേസില്‍ ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍, സുനില്‍ ജോഷി എന്നിവര്‍ കുറ്റക്കാരനെന്ന് മാര്‍ച്ച് എട്ടിന് കോടതി വിധിച്ചിരുന്നു. ഇതില്‍ ജോഷി സ്ഫോടനത്തിന് തൊട്ടടുത്ത ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മറ്റു രണ്ടു പേരെയാണ് പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.
മറ്റൊരു പ്രതിയായ സ്വാമി അസീമാനന്ദിനെ കഴിഞ്ഞ വിചാരണയില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, മതപരമായ വിശ്വാസങ്ങളേയും മറ്റും തകര്‍ക്കാന്‍ ശ്രമിക്കല്‍, സ്ഫോടക വസ്തുക്കള്‍ കൈവശം വെയ്ക്കുന്നതിരെയുള്ള നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2007 ഒക്ടോബര്‍ 11ന് ഖ്വാജ മൊയ്നുദ്ദീന് ചിഷ്ടിയുടെ ദര്‍ഗയില്‍ ഇഫ്താറിനിടെ ടിഫിന്‍ ബോക്സില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് കേസ്. രാജസ്ഥാന് ഭീകര വിരുദ്ധ സംഘമാണ് ആദ്യം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്. അതിനുശേഷം 2011 ഏപ്രിലില്‍ എന്‍ഐഎ കേസേറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 149 സാക്ഷികളെ വിസ്തരിക്കുകയും, 451 ഓളം രേഖകളും പരിശോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: