ലണ്ടന്‍: യൂണിവേഴ്‌സിറ്റി അധ്യാപകനും എഴുത്തുകാരനുമായ മാത്യു ഗുഡ്‌വിന്‍ തത്സമയ ചാനല്‍ ചര്‍ച്ചക്കിടെ തന്റെ പുസ്തകം കടിച്ചു പറിച്ചു തിന്നു. കഴിഞ്ഞ ദിവസത്തെ ബ്രിട്ടിഷ് പൊതു തെരഞ്ഞെടുപ്പില്‍ പ്രവചനം തെറ്റിയതിലുള്ള പ്രായശ്ചിത്തമെന്നോണമാണ് മാത്യുവിന്റെ ഈ ചെയ്തി.
കെന്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറാണ് 35കാരനായ മാത്യു. ബ്രക്‌സിറ്റ്: വൈ ബ്രിട്ടണ്‍ വോട്ടഡ് റ്റു ലീവ് ദി യൂറോപ്യന്‍ യൂണിയന്‍ എന്ന കൃതിയുടെ സഹ എഴുത്തുകാരനുമാണ്.
തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 38 ശതമാനം വോട്ടുകളില്‍ കൂടുതല്‍ കിട്ടില്ല എന്നാണ് മാത്യു പ്രവചിച്ചത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് 40.3 ശതമാനം വോട്ടുകള്‍ കിട്ടി.
‘ഞാനിതാ ഒരു കാര്യം വിളിച്ചു പറയുന്നു. ജെറെമി കോര്‍ബിയന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി 38 ശതമാനത്തില്‍ക്കൂടുതല്‍ വോട്ടുകള്‍ നേടില്ല. അവര്‍ അതില്‍ക്കൂടുതല്‍ നേടിയാല്‍ എന്റെ പുതിയ പുസ്തകം ഞാന്‍ സന്തോഷത്തോടെ തിന്നും’, തെരഞ്ഞെടുപ്പിനു മുമ്പ് മാത്യു ട്വീറ്റ് ചെയ്തു.
ഫലം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ മാത്യുവിനെ ലേബര്‍ പാര്‍ട്ടി അണികള്‍ പരിഹാസം കൊണ്ടു മൂടി. ട്രോളുകളില്‍ മാത്യു നിറഞ്ഞു.
ഈ വിഷയത്തില്‍ സ്‌കൈ ന്യൂസ് ചാനല്‍ മാത്യുവിനെ ചര്‍ച്ചയ്‌ക്കു വിളിച്ചു. വാക്കു പാലിക്കുമോ എന്ന് വാര്‍ത്താ അവതാരകന്‍ ചോദിച്ചപ്പോഴാണ് തീര്‍ച്ചയായും എന്നു പറഞ്ഞ് മാത്യു പുസ്തകം തിന്നു തുടങ്ങിയത്.
രണ്ട് ശതമാനത്തിന്റെ വ്യത്യാസമാണെങ്കിലും അതു വലിയ മാറ്റമാണ്. വാക്കു പാലിക്കുന്ന ആളാണ് ഞാന്‍. മാത്യു പറഞ്ഞു. എന്നാല്‍ ചില പേജുകള്‍ കീറി വായിലിട്ടു ചവച്ചതല്ലാതെ മാത്യു ഒന്നും വിഴുങ്ങിയില്ലെന്ന് സ്‌കൈ ന്യൂസ് വാര്‍ത്താ വിഭാഗം പ്രൊഡ്യൂസര്‍ പിന്നീട് ട്വീറ്റ് ചെയ്തു.
















