കൊച്ചി: ലക്കിടി കോളേജിലെ നിയമ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് കോളേജ് ചെയര്മാന് പി. കൃഷ്ണദാസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചു. അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്നും നിര്‍ദേശം. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവുമാണ് വ്യവസ്ഥ. ഇതു പാലിച്ച് കൃഷ്ണദാസിനെ ഉടന്‍ വിട്ടയക്കണമെന്നും ഉത്തരവ്.
പരാതിക്കാരന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് ഏതൊരു പോലീസുകാരനും ബോദ്ധ്യമാകുമെന്നിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യം മനസിലായില്ലെന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞു. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യണമെന്ന ലക്ഷ്യത്തോടെ അന്വേഷണ ഉദ്യോഗസ്ഥന് മനഃപൂര്‍വം നടപടിയെടുത്തെന്ന് കണ്ടെത്താനാകും. ചിലരെ ഒരേസമയം സാക്ഷികളായും പരാതിക്കാരായും ചിത്രീകരിച്ചു. കസ്റ്റഡിയില്‍ എടുക്കുന്നതുവരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. അറസ്റ്റിനു ശേഷമാണ് വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് റിപ്പോര്‍ട്ടുണ്ടാക്കി മജിസ്ട്രേറ്റിനു നല്‍കിയത്. നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. സത്യസന്ധമായ നടപടിയല്ല അന്വേഷണ ഉദ്യോഗസ്ഥന് സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്യുമ്പോള്‍ കോടതിയെ സമീപിക്കാനുള്ള ഹര്‍ജിക്കാരന്റെ നിയമപരമായ അവകാശം നിഷേധിക്കണമെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് പെരുമാറിയത്. അറസ്റ്റ് ചെയ്യാനുള്ള കാരണവും സാഹചര്യവും കേസ് ഡയറിയില്‍ ഇല്ല. നീതിപൂര്‍വമായ അന്വേഷണം വേണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, അതുണ്ടായില്ല. കൃഷ്ണദാസിനെ കോളേജ് കാമ്പസിലും ഓഫീസിലും പ്രവേശിക്കുന്നതില്‍ നിന്ന് മറ്റൊരു കേസില്‍ കോടതി വിലക്കിയിട്ടുണ്ട്. ഇതു നിലനില്‍ക്കെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഹര്ജിക്കാരന് തെളിവുനശിപ്പിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: