ബെംഗളുരു: ബെംഗളുരുവില്‍ പോലീസ് 1.28 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. നിയമവിരുദ്ധമായി ഇത്രയും വലിയ തുകയുടെ നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചതിന് അജയ്, രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അഞ്ഞൂറിന്റെയും, ആയിരത്തിന്റേയും നിരോധിച്ച നോട്ടുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്. സ്വര്‍ണ്ണക്കച്ചവടം നടത്തുന്ന രണ്ടംഗ സംഘം കമ്മീഷന് അടിസ്ഥാനത്തില്‍ നോട്ട് ഇടപാടുകളും നടത്തിയിരുന്നു. വ്യാജ നോട്ടുകള്‍ നല്കി ആളുകളെ കബളിപ്പിച്ച കേസിലും ഇവര്‍ പ്രതികളാണ്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും പോലീസിന് സംശയമുണ്ട്. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ക്രൈം ബ്രാഞ്ച് അഡീ. കമ്മീഷണര്‍ എസ്. രവി പറഞ്ഞു. ബെംഗളുരുവിലെ ശേഷാദിപുരത്തുള്ള ഫ്ളാറ്റില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കമ്മീഷന് അടിസ്ഥാനത്തില്‍ നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നോട്ടുകള്‍ നല്‍കാമെന്ന ധാരണയിലാണ് ഇടപാടുകാരെ സമീപിച്ചത്. എന്നാല്‍ പകരം വ്യാജ നോട്ടുകള്‍ നല്‍കിയതോടെയാണ് ഇവര്‍ പിടിയിലാകാനുള്ള സാഹചര്യമുണ്ടായത്.
വ്യാജ ഇടപാടിലൂടെ കൈവരുന്ന പണം ഉപയോഗിച്ച് ആഡംബര പ്രദര്‍ശനം നടത്തിയാണ് ഇടപാടുകാരെ സ്വാധീനിച്ചിരുന്നത്. പണം ലഭിച്ച ശേഷം വ്യാജ നോട്ടുകള്‍ നല്ക്കുകയോ, പണം നല്കിയ പ്രദേശത്ത് നിന്ന് അപ്രത്യക്ഷമാകുകയോ ചെയ്യുകയായിരുന്നു ഇവരുടെ പതിവ്. പിടിയിലായവര്‍ വലിയൊരു തട്ടിപ്പ് ശൃംഖലയിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായും തുടര്‍ അന്വേഷണങ്ങള്‍ക്ക് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നുമാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: