പ്രധാനമന്ത്രിയുടെ യോഗത്തില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞുവെന്ന ക്ഷോഭജനകമായ തലക്കെട്ടോടെയാണ് മാര്‍ച്ച് ഒമ്പതിലെ മലയാള പത്രങ്ങള്‍ പുറത്തിറങ്ങിയത്. ഗുജറാത്തില്‍ നരേന്ദ്രമോദി പങ്കെടുത്ത വനിതാദിന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.പി. ഫൗസിയ, ഷാഹിന സലീം, ശഹര്ബാന് എന്നിവരെ തട്ടമിട്ടതിന് തടഞ്ഞുവെന്നായിരുന്നു വാര്‍ത്ത.
മുസ്ലിം വിശ്വാസത്തെ അപമാനിച്ച മോദിക്കെതിരെ കേരളത്തില്‍ മതേതര മനുഷ്യാവകാശ പന്തംകൊളുത്തി പ്രകടനം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ബിജെപിയുടെ ചരിത്രവിജയവുമായി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഉത്തര്‍ പ്രദേശിലെ മുസ്ലിങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ വ്യാപകമായി ബിജെപിക്ക് വോട്ടുചെയ്തെന്നാണ് പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ കണ്ണുതള്ളിയ കടുത്ത മോദി വിരുദ്ധ മാധ്യമങ്ങളുടെ പോലും വിലയിരുത്തല്‍. പതിറ്റാണ്ടുകളായി മുസ്ലിം വിരുദ്ധരെന്ന മുദ്ര അടിച്ചേല്‍പ്പിച്ചിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന അമ്പരപ്പിലാണ് രാഷ്ട്രീയ എതിരാളികളും പുരോഹിത വര്‍ഗ്ഗവും. ചിലര്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തി സ്വയം ആശ്വാസം കൊള്ളുന്നു.
2011ലെ സെന്‍സസ് പ്രകാരം 14.2 ശതമാനമാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ. യുപിയില്‍ ഇത് 19.31 ശതമാനമാണ്. 74 ശതമാനത്തിലേറെ മുസ്ലിങ്ങളുള്ള 42 മണ്ഡലങ്ങളില്‍ 32 ഇടത്ത് താമര വിരിഞ്ഞതായി ദേശീയ ദിനപ്പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി പോലുമില്ലാതെ 39.2 ശതമാനം വോട്ട് ബിജെപി നേടി. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെയും ബിഎസ്പിയുടെയും പ്രബലരായ മുസ്ലിം സ്ഥാനാര്‍ത്ഥികളെ മറികടന്നാണ് 26 സീറ്റില്‍ വിജയിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്ത് ശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്തിരുന്നതായി ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി ചൂണ്ടിക്കാണിക്കുന്നു. എസ്പിയുടെയും ബിഎസ്പിയുടെയും ശക്തികേന്ദ്രമായിരുന്ന, വിശ്വപ്രസിദ്ധമായ ഇസ്ലാമിക മതപാഠശാല ദാര്‍ ഉല് ഉലൂം സ്ഥിതി ചെയ്യുന്ന ദേവബന്ദിലും ബിജെപി വിജയക്കൊടി പാറിച്ചു. വര്‍ഗ്ഗീയ കലാപം അരങ്ങേറിയ മുസാഫര്‍നഗര്‍ ജില്ലയിലെ അഞ്ച് സീറ്റുകളും കാവിയണിഞ്ഞു.
ഉത്തര്‍ പ്രദേശിനെക്കുറിച്ച് പറയുമ്പോള്‍ ദാദ്രി മറക്കുന്നതെങ്ങനെ! നിര്‍ഭാഗ്യകരമായ സംഭവത്തെ മുതലെടുത്ത് മോദിയും ബിജെപിയും മുസ്ലിം വിരുദ്ധരാണെന്ന് മാസങ്ങളോളം രാജ്യം മുഴുവന്‍ പാടിനടന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടിയാണ് ദാദ്രിയിലെ ജനങ്ങള്‍ നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ ബിഎസ്പി തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ 80,177 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി ജയിച്ചത്. 54 ശതമാനം വോട്ടുകളും നേടി. 13 എതിര് സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടക്കും ലഭിച്ച വോട്ടുകള്‍ ചേര്‍ത്താലും ബിജെപിക്കൊപ്പമെത്തില്ല. ബിജ്നോര്‍, ബറേലി, സഹരന്‍പുര്‍ തുടങ്ങിയ മുസ്ലിം സ്വാധീന മേഖലകളും ബിജെപിക്കൊപ്പമാണ്.
ആര്‍എസ്എസ്സിനെയും ബിജെപിയെയും ചൂണ്ടിക്കാണിച്ച് മുസ്ലിങ്ങളെ ഭയപ്പെടുത്തി കൂടെനിര്‍ത്താമെന്ന പതിവ് തന്ത്രമാണ് ഇത്തവണ പൊളിഞ്ഞത്.
യുപിയില്‍ ബിജെപിക്കെതിരായ ഇതര പാര്‍ട്ടികളുടെ മുസ്ലിം ധ്രുവീകരണത്തെ മതേതരമെന്ന് വാഴ്ത്തിയ മാധ്യമങ്ങള്‍, ‘ഹൈന്ദവ ഫാസിസ്റ്റുക’ളെ തടയാന്‍ മുസ്ലിങ്ങള്‍ സമാജ്വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യത്തിന് കൂട്ടത്തോടെ വോട്ടുചെയ്യുമെന്നും വിധിയെഴുതിയിരുന്നു. മുസ്ലിം വോട്ടുകളാണ് സഖ്യത്തിലേര്‍പ്പെടാന്‍ ഇരുപാര്‍ട്ടികളെയും പ്രേരിപ്പിച്ചതും. മോദിയുടെ കുതിപ്പ് തടയേണ്ടതും തങ്ങളെ ജയിപ്പിക്കേണ്ടതും മുസ്ലിങ്ങളുടെ ജനാധിപത്യ ബാധ്യതയാണെന്ന മട്ടിലാണ് എസ്പിയും കോണ്‍ഗ്രസ്സും ബിഎസ്പിയും തെരഞ്ഞെടുപ്പിനെ സമീപിച്ചത്. അതിനാല്‍ സമുദായത്തെ പ്രീണിപ്പിക്കുന്നതിനപ്പുറമുള്ള രാഷ്ട്രീയമൊന്നും ഉയര്‍ത്താന്‍ ഈ പാര്‍ട്ടികള്‍ തയ്യാറായതുമില്ല.
ജാതി രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായാണ് യുപി അറിയപ്പെടുന്നത്. ജാതി മാത്രമല്ല, പ്രീണന രാഷ്ട്രീയത്തിന്റെ ഏറ്റവും ദുഷിച്ച പരീക്ഷണശാലകൂടിയാണ് ഇവിടം. ഹിന്ദുവിനെ പലതായി വിഭജിക്കുകയും മുസ്ലിങ്ങളെ ഐക്യപ്പെടുത്തുകയും ചെയ്യുന്ന യുപി രാഷ്ട്രീയത്തെ മതേതരമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കും. ദളിത് പാര്‍ട്ടിയായി അവകാശപ്പെടുന്ന ബിഎസ്പി ദളിത്-മുസ്ലിം ഐക്യവും, യാദവ പാര്‍ട്ടിയായി അവകാശപ്പെടുന്ന എസ്പി യാദവ-മുസ്ലിം ഐക്യവും ഉയര്‍ത്തിക്കാട്ടും. മുസ്ലിം അജണ്ടയുള്ള ദളിത്, യാദവ പാര്‍ട്ടികളാണ് തങ്ങളെന്ന് അഭിമാനത്തോടെ അവര്‍ വിളിച്ചുപറയും. ഹിന്ദു ഏകീകരണത്തിനുള്ള എല്ലാ ശ്രമങ്ങളും വര്‍ഗ്ഗീയമെന്ന് മുദ്രകുത്തപ്പെടും. പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്.
ഖുറാന് വായനയോടെയാണ് ബിഎസ്പിയുടെ പ്രചാരണ യോഗങ്ങള്‍ ആരംഭിച്ചിരുന്നത്. വേദികളില്‍ മുസ്ലിം നേതാക്കളും മതചിഹ്നങ്ങളും പ്രത്യേകം സ്ഥാനം പിടിച്ചിരുന്നു. 19 ശതമാനം മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനത്ത് 24 ശതമാനം സീറ്റുകള്‍ മായാവതി അവര്‍ക്ക് നല്കി. 97 മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ പിന്നോക്കക്കാരെ 87 സീറ്റിലൊതുക്കി. രാമജന്മഭൂമിയിലും മുസാഫര്‍ നഗര്‍ ഉള്‍പ്പെടെയുള്ള കലാപ ബാധിത പ്രദേശങ്ങളിലും മുസ്ലിങ്ങള്‍ സ്ഥാനാര്‍ത്ഥികളായി. മറുവശത്ത് സമാജ്വാദി പാര്‍ട്ടിയും മോശമാക്കിയില്ല.
മുഖ്യമന്ത്രിയായിരിക്കെ അയോധ്യയിലെ കര്‍സേവകരെ വെടിവെച്ചുകൊന്നത് മുസ്ലിങ്ങളുടെ വിശ്വാസം സംരക്ഷിക്കാനാണെന്നും മുസ്ലിങ്ങള്‍ക്കുവേണ്ടി മരിക്കുന്നത് അഭിമാനമാണെന്നും മുലായം സിംഗ് യാദവ് പ്രസംഗിച്ചു. അധികാരത്തിലെത്തിയാല്‍ മുസ്ലിങ്ങള്‍ക്ക് നടപ്പാക്കുന്ന പദ്ധതികളായിരുന്നു എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രകടന പത്രികയില്‍ നിറഞ്ഞുനിന്നിരുന്നത്. സമുദായത്തിന്റെ പ്രതിനിധികളായി അവകാശപ്പെടുന്നവരെ പ്രീണിപ്പിച്ച് കൂടെനിര്‍ത്താനും അവര്‍ക്ക് സാധിച്ചു. എന്നത്തെയും പോലെ ഇത്തവണയും നിരവധി പണ്ഡിതര്‍ എസ്പിക്കും ബിഎസ്പിക്കും പിന്തുണ പ്രഖ്യാപിച്ചു. സമുദായ വക്താക്കളിലൊരാളും ബിജെപിക്കൊപ്പം ഉണ്ടായിരുന്നില്ല.
ബിജെപി വിരോധവും മതപ്രീണനവും മുസ്ലിം വോട്ടുകള്‍ കാല്ക്കലെത്തിക്കുമെന്ന മതേതര ബുദ്ധിയാണ് ഫലം വന്നപ്പോള്‍ പൊളിഞ്ഞത്. പ്രീണനത്തില്‍ മുന്നില്‍ നിന്ന മായാവതിക്കാണ് ഏറ്റവുമധികം തിരിച്ചടിയേറ്റതും. ബിഎസ്പിയുടെ മുസ്ലിം സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും തോറ്റു. പതിറ്റാണ്ടുകളോളം തങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്തിയവര്‍ വഞ്ചിക്കുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം സമുദായം തിരിച്ചറിഞ്ഞതിന്റെ സൂചനയാണിത്.
സമാജ്വാദി പാര്‍ട്ടിയെ അധികാരത്തിലേറ്റിയതിന് അഞ്ച് വര്‍ഷത്തെ കലാപ ജീവിതമാണ് മുസ്ലിങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം. ഏറ്റവും വലിയ ന്യൂനപക്ഷ സംരക്ഷകരായി അഭിനയിക്കുന്ന ഇടതുപക്ഷം മൂന്നരപ്പതിറ്റാണ്ട് ഭരിച്ച ബംഗാളിലെ മുസ്ലിങ്ങളുടെ ദുരിത ജീവിതം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അക്കമിട്ട് വിവരിക്കുന്നതും ചേര്‍ത്തുവായിക്കണം. മുത്തലാക്കിനെതിരായ ബിജെപിയുടെ നിലപാട് മുസ്ലിം സ്ത്രീകളെ ആകര്‍ഷിച്ചുവെന്നാണ് വിലയിരുത്തല്‍. ഫത്വ പുറപ്പെടുവിക്കുന്ന പണ്ഡിതരുടെ വാക്കുകേട്ടല്ല തങ്ങള്‍ വോട്ടുചെയ്യുന്നതെന്ന മുസ്ലിം സ്ത്രീ സമൂഹത്തിന്റെ തുറന്ന പ്രഖ്യാപനമാണിത്.
ബിജെപി മാത്രമാണ് മുത്തലാക്ക് തെരഞ്ഞെടുപ്പില്‍ ഉന്നയിച്ചത്. വര്‍ഗ്ഗീയത ആരോപിച്ചതല്ലാതെ മറ്റ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയില്ല. മുത്തലാക്ക് നിരോധിക്കാനാവശ്യപ്പെട്ട് മുസ്ലിം സ്ത്രീകളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ആര്‍എസ്എസ് അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ഹര്‍ജിയില്‍ പത്ത് ലക്ഷത്തേലേറെപ്പേരാണ് ഇതുവരെ ഒപ്പിട്ടത്.
മുത്താലാക്കിനെതിരെ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വലിയ ഭീഷണിയും ദുരിതവും നേരിടേണ്ടി വരുന്നു. ഇവരോട് ഐക്യപ്പെട്ടത് ബിജെപി മാത്രമാണ്. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് നരേന്ദ്ര മോദി യുപിയില്‍ പ്രസംഗിച്ചു. മുത്തലാക്ക് നിയമവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ”മുസ്ലിങ്ങളുടെ വോട്ടില്ലാതെ ബിജെപിക്ക് ഇത്രയും വലിയ വിജയം നേടാനാകില്ല. മുത്തലാക്കില്‍ പാര്‍ട്ടിയുടെ നിലപാടിനെ മുസ്ലിം സ്ത്രീകള്‍ പിന്തുണച്ചെന്ന് വ്യക്തമാണ്”. സാമൂഹ്യപ്രവര്‍ത്തകയായ ഫര്‍ഹ ഫായിസ് പറയുന്നു.
മോദിയുടെ വികസന പദ്ധതികളും മുസ്ലിം സ്ത്രീകളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനം ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് പാചകവാത സിലിണ്ടര്‍ നല്കുന്ന പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയാണ്. പദ്ധതിയില്‍ ഏറ്റവുമധികം ഗ്യാസ് കണക്ഷനുകള്‍ നല്‍കിയത് ഉത്തര്‍ പ്രദേശിലാണ്. 2016 നവംബര്‍ വരെയുള്ള കണക്കനുസരിച്ച് 34 ലക്ഷം കുടുംബങ്ങള്‍ക്ക് സിലിണ്ടറുകള്‍ ലഭിച്ചു. ഇതില്‍ ലക്ഷക്കണക്കിന് പാവപ്പെട്ട മുസ്ലിം കുടുംബങ്ങളുമുണ്ട്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ മോദി പരിഹരിച്ചത് മതം നോക്കിയായിരുന്നില്ല.
സബ്കാ സാത് സബ്കാ വികാസ് എന്ന മോദി മന്ത്രത്തില്‍ മുസ്ലിങ്ങളും വിശ്വാസമര്‍പ്പിക്കുന്നു. രാജ്യം വികസിക്കുമ്പോള്‍ അതെല്ലാവരുടെയും വികസനമാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഇടനിലക്കാരായ സമുദായ വക്താക്കളെ ഒഴിവാക്കി ജനങ്ങളില്‍ മോദി നേരിട്ട് ഇടംനേടുന്നു. ”നരേന്ദ്ര മോദിക്ക് മുസ്ലിങ്ങളോടുള്ളത് ഗുണപരമായ സമീപനമാണ്. അത് തിരിച്ചറിയപ്പെടുന്നുണ്ട്”. മൗലാനാ അബുള്‍ കലാം ആസാദിന്റെ ചെറുമകന് ഫിറോസ് അഹ്മദ് ബക്ത് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലെ ഭാവി രാഷ്ട്രീയത്തെ മൊത്തമായി അടയാളപ്പെടുത്താന്‍ പോന്നതാണ് യുപിയിലെ ഒരൊറ്റ വിജയം.
തുടക്കത്തില്‍ സൂചിപ്പിച്ച ഗുജറാത്തിലെ വിവാദ പരിപാടിയിലേക്ക് വരാം. അവിടെ തട്ടമോ മുസ്ലിമോ മതമോ ആയിരുന്നില്ല വിഷയം. കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് ചില സാഹചര്യങ്ങളില്‍ വിവിഐപികളുടെ പരിപാടികളില്‍ കറുത്ത വസ്ത്രം നിരോധിക്കാറുണ്ട്. മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊക്കെ ഇത് ബാധകമാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിന പരിപാടിക്ക് കറുത്ത ഷര്‍ട്ട് ധരിച്ചതിനാല്‍ പാസുണ്ടായിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ച വ്യക്തിപരമായ അനുഭവമുണ്ട്. പൊതുവായൊരു നിര്‍ദ്ദേശത്തെ മുസ്ലിം വിരോധമാക്കി ചിത്രീകരിച്ച് മതവികാരമിളക്കി നാടുനീളെ പ്രകടനം നടത്തിയവരല്ലെ യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍?
34.22 ശതമാനം മുസ്ലിങ്ങളുള്ള ആസാം ഭരിക്കുന്നത് ബിജെപിയാണ്. 68.31 ശതമാനം മുസ്ലിങ്ങളുള്ള കശ്മീരില്‍ ഉപമുഖ്യമന്ത്രി ബിജെപിക്കാരനാണ്. ക്രൈസ്തവ സ്വാധീനമുള്ള മണിപ്പൂരും ഗോവയും അരുണാചലും ബിജെപിയാണ് ഭരിക്കുന്നത്. കേരളത്തിനുള്ള വ്യക്തമായ സന്ദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: