ഭരണാധികാരി നന്നായിരുന്നാല്‍ നാടു നന്നാവും എന്ന് പണ്ടുകാലം മുതല്‍ നമ്മുടെ നാട്ടില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നു.
”സസ്യപരിപൂര്‍ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ
ബാലമരണമകപ്പെടുമാറില്ല
കാലേവരിഷിക്കുമല്ലോഘനങ്ങളും”
വരള്‍ച്ചയോ അതിവര്‍ഷമോ ഉണ്ടാകില്ല. വൈവിധ്യവും ശിശുമരണവുമെല്ലാം ഒഴിഞ്ഞുനില്‍ക്കും. സ്ത്രീകള്‍ക്ക് ഭയരഹിതമായി ജീവിക്കാം-കാരണം പരസ്ത്രീകളെ ആരും ദുഷ്ചിന്തയോടെ നോക്കാറില്ല. പരദ്രവ്യത്തില്‍ കണ്ണുവയ്ക്കുക പോലുമില്ല. നാടിന്റെ ശ്രേയസ്സാണ് ഭരണാധികാരിയുടെ ലക്ഷ്യവും ധര്‍മവും.
നാട്ടില്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവുമൊക്കെയുണ്ടെങ്കില്‍ ഭരണത്തിലെ വൈകല്യമാണെന്ന് ഉറപ്പിച്ചുപറയാം. വേനന്റെ ഭരണകാലത്ത് അങ്ങനെ തന്നെ സംഭവിച്ചു.
ഭാഗവതത്തില്‍ ധ്രുവമഹാരാജാവിന്റെ വംശത്തില്‍ പിറന്ന വേനന്‍ അധര്‍മമാര്‍ഗത്തില്‍ തികഞ്ഞ ധാര്‍ഷ്ട്യത്തോടെയാണ് ജീവിച്ചിരുന്നത്. കുലമഹിമയെല്ലാം കളഞ്ഞുകുളിച്ചു. തന്റെ മകന് തികഞ്ഞ ഒരു കുലംകുത്തിയായി വളരുന്നതുകണ്ട് പിതാവായ അംഗമഹാരാജാവ് ഏറെ വേദനിച്ചു. എത്രകാലത്തെ കാത്തിരിപ്പിനുശേഷമാണ് തനിക്കൊരു മകന് പിറന്നത്, എന്നിട്ട് അവന് ഇങ്ങനെ കുലംകെടുത്തുമ്പോള്‍ വിഷമിക്കാതിരിക്കുന്നത് എങ്ങനെ? അവന് പ്രകൃതിയോടു പോരടിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
നായാട്ടിനെന്ന വ്യാജേന ഏറെ സാധുമൃഗങ്ങളെ വധിച്ചു. വേനനെ കാണുമ്പോള്‍ മനുഷ്യരും മൃഗങ്ങളുമെല്ലാം പേടിച്ചോടുമായിരുന്നു. വേനനും കൂട്ടരും കുട്ടികളുടെ കളിസ്ഥലങ്ങളിലെല്ലാം ചെന്ന് അവരെ പീഡിപ്പിക്കുമായിരുന്നു. മൃഗങ്ങളെക്കാള്‍ ക്രൂരമായി അവരോട് പെരുമാറി.
ഇതെല്ലാം കണ്ട് അംഗമഹാരാജാവ് കണ്ണീര് വാര്‍ത്തു. ഇതിനേക്കാല്‍ ഭേദം മക്കളുണ്ടാകാതിരിക്കുന്നതുതന്നെയായിരുന്നുവെന്ന് അംഗരാജന് പരിതപിച്ചു.
തന്റെ ജന്മാന്തരപാപത്തിന്റെ ഫലമായാണ് സന്താനമുണ്ടാകാന്‍ വൈകിയതെന്ന് മഹര്‍ഷിമാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അംഗരാജന് സ്മരിച്ചു. പും എന്ന പേരോടുകൂടിയ നരകത്തില്‍ നിന്ന് ത്രാണനം ചെയ്യുന്ന(രക്ഷിക്കുന്ന)വരാണ് പുത്രര്‍ എന്നാണ് ശാസ്ത്രം പറയുന്നത്. ഒരുപക്ഷേ സല്‍പുത്രനാണുണ്ടായതെങ്കില്‍ എന്റെ ജന്മാന്തര പാപത്തിനാലുള്ള വാസനാബലം തീരില്ല. ഞാന്‍ വീണ്ടും വീണ്ടും ഗൃഹബന്ധനത്തില്‍ മുഴുകിപ്പോകുമായിരുന്നു. അതിനാല്‍ കുപുത്രനുണ്ടായത് ഒരര്‍ത്ഥത്തില്‍ ഏറെ നന്നായി. എനിക്ക് വിരക്തി വന്ന് ഭക്തിയും ജ്ഞാനവും വര്‍ധിക്കാന്‍ ഇത് സഹായമാകും.
”കദപത്യം വരം മന്യേ സദപത്യാച്ഛുചാംപദാത്
നിര്‍വിദ്യേത ഗൃഹാന്മര്‍ത്യോ യത്ക്ലേശനിവഹാ ഗൃഹാഃ”
എന്റെ ജന്മാന്തര പാപം തീരാനാണ് എനിക്കിങ്ങനെ കുപുത്രനുണ്ടായത്. അങ്ങനെ എന്നെ പും എന്ന നരകത്തില്‍ നിന്നും ത്രാണനം ചെയ്യാന്‍ ഭഗവാന് അവസരമുണ്ടാക്കുകയായിരിക്കും എന്ന് അംഗമഹാരാജന്‍ ആശ്വസിച്ചു.
അംഗരാജന് ഗൃഹസ്ഥാശ്രമത്തില്‍ വിരക്തി വന്നു. ഒരുനാള്‍ കൊട്ടാരം വിട്ടിറങ്ങി. പിന്നീടാരും അദ്ദേഹത്തെ കണ്ടിട്ടില്ല.
രാജാവില്ലാതായതോടെ രാജ്യത്ത് അരാജകത്വം നടമാടി. രാജ്യം അനാഥമായതോടെ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിളയാട്ടമായിരിക്കുമെന്നറിയാമായിരുന്ന മഹര്‍ഷിമാര്‍ രാജകുമാരനെ രാജാവായി അഭിഷേകം ചെയ്യണമെന്ന് നിശ്ചയിച്ചു.
അഹങ്കാരിയും ദുര്‍ബുദ്ധിയുമായ വേനന്‍ രാജാവായതോടെ ദുഷ്ടന്മാര്‍ക്കെല്ലാം അത് അവസരമായി മാറി. അതുവരെ കൊള്ളയും പരപീഡനവുമായി നടന്ന വേനന്‍ അധികാരത്തില്‍ കയറിയതോടെ എങ്ങനെ പെരുമാറുമെന്ന് ദുഷ്ടജനങ്ങള് ആദ്യമൊന്നു ശങ്കിച്ചു. എന്നാല്‍ സാധാരണ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചും ദുഷ്ടജനങ്ങളോട് കൈകോര്‍ത്തും സാത്വികന്മാരോടു കൊമ്പുകോര്‍ക്കാനൊരുങ്ങിയുമായിരുന്നു വേനന്റെ ഭരണകാലം. ജനങ്ങളുടെ ധാര്‍മിക പ്രവര്‍ത്തനങ്ങളെല്ലാം തടഞ്ഞു. ഇതോടെ പൊതുജീവിതം ദുഃസഹമായി. പട്ടിണിയും പരിവട്ടവുമായി ജനങ്ങള്‍ പൊറുതിമുട്ടി. പ്രകൃതി വരണ്ടുണങ്ങി.
ഈ ദുര്‍വൃത്തന്റെ വിചേഷ്ടിതങ്ങള്‍ക്കെതിരെ ഉപദേശിച്ചു നേരെയാക്കാന്‍ മുനിമാര്‍ ഒരു ശ്രമം നടത്തിനോക്കി. രാജാവ് ജനങ്ങളെ സേവിച്ച്, ഈശ്വരാര്‍പ്പണത്തോടെ രാജ്യം ഭരിച്ചാല്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയും കൂടെയുണ്ടാകും എന്നും ഈശ്വരന് പ്രസാദിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനു വേനന്‍ കൊടുത്ത മറുപടി അഹങ്കാരപൂര്‍ണമായിരുന്നു. രാജാവല്ലാതെ വേറെ ഏത് ഈശ്വരന് എന്നായിരുന്നു വേനന്റെ മതം. രാജാവ് സര്‍വദേവമയനാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: