ന്യൂദല്‍ഹി: ഏറെ വിവാദങ്ങള്‍ക്കുശേഷം തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിമത വിഭാഗം എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ എന്നാക്കി. ശശികല വിഭാഗം എഐഎഡിഎംകെ അമ്മ എന്ന പേരിലേക്കും മാറും. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്.
പനീര്‍സെല്‍വം വിഭാഗത്തിന് വൈദ്യുതപോസ്റ്റും, ശശികല വിഭാഗത്തിന് തൊപ്പിയും ചിഹ്നമായി അനുവദിച്ചു. ജയലളിതയുടെ പൈതൃകവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇലക്ഷന് കമ്മീഷന് രണ്ടില ചിഹ്നം ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. പിന്നീട് ചര്‍ച്ച നടത്തിയശേഷമാണ് ചിഹ്നത്തില്‍ തീരുമാനമെടുത്തത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ശശികലയുടെ അനന്തരവന് ടിടിവി ദിനകരനേയും ഒപിഎസ് വിമത വിഭാഗം ഇ മധുസൂദനനേയുമാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നത്. ഏപ്രില്‍ 12നാണ് തെരഞ്ഞെടുപ്പ്. 15ന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: