തൃപ്പൂണിത്തുറ: പഴയകാല പ്രശസ്ത സംഗീതജ്ഞന് മാവേലിക്കര ഹരിഹര ഭാഗവതരുടെ മകള്‍ പ്രശസ്തസംഗീതജ്ഞ എല്‍. പൊന്നമ്മാള്‍ ഓര്‍മ്മയായി. ആദ്യകാല ഹരികഥ സംഗീതജ്ഞയും, പ്രശസ്ത കര്‍ണാടക സംഗീത വിദൂഷിയും ആയിരുന്നു. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം ഒന്നാം റാങ്കില്‍ പാസ്സായ പൊന്നമ്മാള്‍ കേരളത്തിലെ വിവിധ സംഗീത വിദ്യാലയങ്ങളിലെ അധ്യാപികയായിരുന്നു.
സ്ത്രീകള്‍ക്ക് കലാരംഗത്ത് പോയിട്ട് വീടിന് പുറത്ത് പോലും വിലക്ക് കല്‍പ്പിച്ചിരുന്ന കാലത്ത് അച്ഛന്റേയും സഹോദരന്റേയും പിന്‍ബലത്തില്‍ 12 ാം വയസ്സില്‍ ഹരികഥാ ഭാഷണത്തില്‍ അരങ്ങേറ്റം നടത്തി. സഹോദരനും സംഗീതജ്ഞനുമായിരുന്ന രാമമാധവയ്യരുടെ ഉറച്ച പിന്‍ന്തുണ എന്നും പൊന്നമ്മാളിന് തുണയായിരുന്നു. പൊന്നമ്മാള്‍ പന്ത്രണ്ട് വര്‍ഷം ഹരികഥാ ഭാഷണം തുടര്‍ന്നു. ധാരാളം വേദിയില്‍ സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1960 മുതല്‍ ആകാശവാണിയില്‍ കര്‍ണാടക സംഗീത കച്ചേരി അവതരിപ്പിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്പ് തൃപ്പൂണിത്തുറയിലെത്തിയ ഗാനഗന്ധര്വ്വന് യേശുദാസ് വീട്ടിലെത്തി പൊന്നമ്മാളിനെ ആദരിച്ചിരുന്നു. 2004 ല്‍ ശ്രീപൂര്‍ണ്ണത്രയീശ സംഗീത വിദ്യയിലെ കീര്‍ത്തിമുദ്ര പുരസ്കാരം നല്കി ആദരിക്കപ്പെട്ടു. കേരളത്തിന്റെ പട്ടാംബാളായി അറിയപ്പെട്ടിരുന്ന അമ്മാളിന്റെ ഭര്‍ത്താവ് പരേതനായ സംഗീതജ്ഞന് പത്മനാഭ അയ്യരാണ്. സംഗീതജ്ഞന് മാവേലിക്കര പി. സുബ്രഹ്മണ്യന് മകനും, ധനലക്ഷ്മി മകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: