തിരുവനന്തപുരം: ഐ ഗ്രൂപ്പിനെ സമ്പൂര്‍ണമായും വെട്ടി നിരത്തി കെഎസ്‌യുവിനെ എ ഗ്രൂപ്പ് പിടിച്ചെടുത്തു. ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ വീതം വയ്‌ക്കാമെന്ന ഐ ഗ്രൂപ്പിന്റെ സമവായ നീക്കം തള്ളിയാണ് എ ഗ്രൂപ്പ് 11 ജില്ലകളിലെ അധ്യക്ഷസ്ഥാനം പിടിച്ചെടുത്തത്.
ഇതോടെ കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ എ യുമായി സഹകരിക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പ്. കെഎസ് യു തെരഞ്ഞെടുപ്പില്‍ എട്ടു ജില്ലകള്‍ എ ക്കും ആറെണ്ണം ഐ ക്കുമായി വീതം വയ്‌ക്കാമെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ഫോര്‍മുല. ഇതിന്റെ ചുവടുപിടിച്ച് ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും മത്സരിക്കാനായിരുന്നു എ ഗ്രൂപ്പ് തയ്യാറായത്. എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടുക്ക് സഞ്ചരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ മികച്ച മുന്നേറ്റമുണ്ടാക്കാമെന്ന ആത്മവിശ്വാസം എ ഗ്രൂപ്പിനുണ്ടായിരുന്നു. ഇത് കെഎസ്‌യു തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു. കെഎസ്‌യു തെരഞ്ഞെടുപ്പിലുണ്ടായ മികച്ച വിജയം കെപിസിസിയിലും ഡിസിസികളിലും ആവര്‍ത്തിക്കുമെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍.
















