തിരുവനന്തപുരം: നക്‌സലൈറ്റ് വര്‍ഗീസ് വധക്കേസില്‍ ആഭ്യന്തരവകുപ്പ് നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ. പ്രകാശ് ബാബു ആവശ്യപ്പെട്ടു. 2016 ജൂലൈയില്‍ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വര്‍ഗീസിനെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാഴ്ചപ്പാടുകള്‍ക്ക് യോജിച്ചതല്ല. വര്‍ഗീസിനെ സംബന്ധിച്ച വസ്തുതകള്‍ പരിശോധിച്ച് ആഭ്യന്തര വകുപ്പ് നല്‍കിയ സത്യവാങ്മൂലം തിരുത്തി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരെ നിയമ നടപടിയെടുക്കുമെന്ന്
വര്‍ഗീസിന്റെ ബന്ധുക്കള്‍
നക്‌സലൈറ്റ് നേതാവ് വര്‍ഗ്ഗീസ് കൊടുംകുറ്റവാളിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വര്‍ഗ്ഗീസിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ഇത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്നതല്ല. അടിയോരുടെ പെരുമനെന്നാണ് വയനാട്ടുകാര്‍ വര്‍ഗീസിനെ ഇന്നും വിളിക്കുന്നത്. ജന്മിത്വത്തെ വിറപ്പിച്ച് സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്നയാളാണ് വര്‍ഗീസ്. ഇത്തരം സത്യവാങ്മൂലം നല്‍കിയത് അംഗീകരിക്കാനാവില്ല. നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതും ഇപ്പോള്‍ പുറത്തുവന്ന സത്യവാങ്മൂലവും ഇടതുസര്‍ക്കാരിന്റെ കപടമുഖമാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് വര്‍ഗ്ഗീസിന്റെ സഹോദരന്‍ തോമസും ബന്ധുവായ അഡ്വ.എ.വര്‍ഗ്ഗീസ്സും പറഞ്ഞു.
രക്തസാക്ഷികളെക്കുറിച്ച് പറയാന്‍
സിപിഎമ്മിന് അവകാശമില്ല : വാസു
രക്തസാക്ഷികളെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് അവകാശമില്ല. തങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ രക്തസാക്ഷികളെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞാല്‍ അവഹേളിക്കുകയും ചെയ്യുന്നത് അവരുടെ പതിവാണ്. 1940 കളില്‍ രക്തസാക്ഷികളെ ക്കുറിച്ച് പ്രചരിപ്പിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നതും കേരളത്തില്‍ അധികാരത്തിലെത്തിയതും. കാവുമ്പായി മുതല്‍ തെലുങ്കാന വരെ അവര്‍ അധികാരത്തിലെത്താനുള്ള പ്രചരണായുധമാക്കി. ചെഗുവേരയെ വിപ്ലവകാരിയെന്ന് വിശേഷിപ്പിക്കുന്നവര്‍ എന്തുകാരണത്താലാണ് വര്‍ഗീസിനെ അവഹേളിക്കുന്നതെന്ന് വ്യക്തമാക്കണം.
ഇത് സര്‍ക്കാരിന്റെ കപട മുഖം: ജാനു
നക്‌സല്‍ വര്‍ഗീസ് കൊലയും കൊള്ളയും നടത്തി എന്ന സര്‍ക്കാര്‍ സത്യവാങ്മൂലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കപട മുഖമാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു ജന്മഭൂമിയോട് പറഞ്ഞു. നക്‌സലിസത്തോട് യോജിക്കാനാവില്ലെങ്കിലും വര്‍ഗീസ് ജന്മിമാര്‍ക്കെതിരെ പോരാടി സാധാരണക്കാരന് നീതി ലഭ്യമാക്കിയ ആളാണ്.
കൊടുംകുറ്റവാളികളായ കൊടി സുനി, കിര്‍മാനി മനോജ്, നിസാം തുടങ്ങിയവരെ കുറ്റവാളികളല്ലെന്ന് പറഞ്ഞ് ഇടതുസര്‍ക്കാര്‍ നാളെ വിട്ടയക്കാം. ്യുഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്ത്രീപീഡനങ്ങളും അക്രമസംഭവങ്ങളും ഇരട്ടിയായിരിക്കുകയാണ്. ഇതിന് കാരണം അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നതാണെന്നും ജാനു പറഞ്ഞു.
പിണറായി നിലപാട് വ്യക്തമാക്കണം: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ നിലപാടില്‍നിന്ന് മാറിയിട്ടുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. വര്‍ഗീസിനെ പോലീസ് വെടിവച്ച് കൊന്നതെന്നാണ് പിണറായി നേരത്തെ നിയമസഭയില്‍ പ്രസംഗിച്ചത്. മുഖ്യമന്ത്രിയായതിനുശേഷം നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം വിശദീകരിക്കണം. അപ്പീല്‍ നിലനില്‍ക്കേ രാജന്‍ കൊലക്കേസില്‍ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഈച്ചരവാര്യര്‍ക്ക് കോടതി ഉത്തരവിനെത്തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കിയ കാര്യം പിണറായി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നും പറയാനില്ല:സിവിക്
ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ മുഖം തുറന്നുകാണിക്കപ്പെട്ടിരിക്കുന്നു. അജിതയും ഗ്രോ വാസുവും ഇക്കാര്യത്തില്‍ പ്രതികരിച്ചതിലപ്പുറമൊന്നും പറയാനില്ല.
സര്‍ക്കാര്‍ നിലപാട് തെറ്റ്: കെ. വേണു
നക്‌സലൈറ്റ് നേതാവ് വര്‍ഗീസിനെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് വസ്തുതാവിരുദ്ധമാണെന്ന് കെ.വേണു. വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ ഉന്നത പോലീസ് അധികാരികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. വര്‍ഗീസിന്റെ കൊലപാതകം തെറ്റായിരുന്നുവെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേണു പറഞ്ഞു.
















