നീലേശ്വരം: ഉത്തര മലബാറിലെ ദേവീക്ഷേത്രങ്ങളും കാവുകളും ഇനി പൂരക്കളിയുടെയും മറത്തു കളിയുടെയും ശ്രുതി താളങ്ങളാല്‍ മുഖരിതമാകും. പൂരോത്സവം വിവിധ ക്ഷേത്രങ്ങളില്‍ 5, 7, 9 ദിവസങ്ങളായി ആഘോഷിച്ചു വരുന്നു. ആഴ്ചകള്‍ക്ക് മുമ്പു തന്നെ ക്ഷേത്ര പരിസരങ്ങള്‍ പൂരക്കളി പരിശീലനത്തിലായിരുന്നു. പൂരോത്സവത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ പരിശീലന പന്തലില്‍ പൊന്നു വെക്കല്‍ ചടങ്ങ് നടന്നു. പന്തലിന്റെ കന്നിമൂലയില്‍ അരിയിട്ട തളികയില്‍ പൂഴ്ത്തിവെക്കുന്ന സ്വര്‍ണ്ണ നാണയത്തിന്റെ കിടപ്പ് നോക്കിയാണ് ലക്ഷണങ്ങള്‍ പറയുന്നത്. ക്ഷേത്ര സ്ഥാനികനും പൂരക്കളി പണിക്കറും കളിക്കാരും സന്നിഹിതരായിരിക്കും. രണ്ടു ക്ഷേത്രങ്ങളിലെ പൂരക്കളിപ്പണിക്കന്മാരും കളിക്കാരും തമ്മിലാണ് മറത്ത്കളി. പണിക്കന്മാരുടെ സംസ്കൃതത്തിലും പുരാണേതിഹാസങ്ങളിലും ഉള്ള പാണ്ഡിത്യം തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
പൂരോത്സവ നാളുകള്‍ കന്യകകള്‍ കാമദേവനെ പൂജിക്കുന്ന സമയം കൂടിയാണ്. പൂരം നാളുകളില്‍ പൂക്കളര്‍പ്പിച്ച് കാമദേവനെ സ്വീകരിച്ച് പൂരംകുളി ദിവസം പൂക്കളാല്‍ കാമദേവന്റെ രൂപം നിര്‍മ്മിച്ച് അപ്പങ്ങള്‍ വിളമ്പി യാത്രയാക്കും. ദേവീക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ പൂരം കുളിപ്പിക്കുന്ന ചടങ്ങുകളിലും നിറഞ്ഞ ഭക്ത സാന്നിദ്ധ്യമായിരിക്കും.
തൃക്കരിപ്പൂര്‍: ഉത്തരമലബാറിലെ വസന്തോത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് വിവിധ ക്ഷേത്രങ്ങളിലും കഴകങ്ങളിലും നടക്കാറുള്ള പൂരക്കളിയുമായി ബന്ധപ്പെട്ടിട്ടുള്ള പന്തല്‍ പൊന്നുവെക്കല്‍ നടന്നു വരികയാണ്. ക്ഷേത്രങ്ങളുടെ പുറംപന്തലുകളില് ആഴ്ചകളായി നടന്നുവരുന്ന പൂരക്കളി പന്തലിലാണ് ഈ അനുഷ്ഠാന ചടങ്ങു നടക്കുന്നത്. തുടര്‍ന്ന് പന്തല്‍കളി മാറല്‍, കഴകം കയറല്‍, മറത്തുകളി തുടങ്ങിയവ വരും നാളുകളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: