തൃശൂര്‍: ഇന്ത്യന്‍ സംസ്‌കാരം വിവിധ പ്രാദേശിക ജനതകളുടെ സാംസ്‌കാരികമായ ബഹുസ്വരതയുടെ സമന്വയമാണെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ 60-ാം വാര്‍ഷികസമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്‌കാരസമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷം മുതല്‍ എഴുത്തച്ഛന്‍ പുരസ്‌കാര തുക അഞ്ചു ലക്ഷമായി വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈശാഖന്‍ അദ്ധ്യക്ഷനായി.
സാറാജോസഫ്, യു.എ. ഖാദര്‍ എന്നിവര്‍ വിശിഷ്ടാംഗത്വവും ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, പ്രൊഫ.വി. സുകുമാരന്‍, ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ.കെ. സുഗതന്‍ എന്നിവര്‍ സമഗ്രസംഭാവനാ പുരസ്‌കാരവും മന്ത്രി എ.കെ. ബാലനില്‍ നിന്ന് സ്വീകരിച്ചു. അക്കാദമി വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ് വിശിഷ്ടാംഗങ്ങളെ പരിചയപ്പെടുത്തി. നിര്‍വ്വാഹകസമിതി അംഗം ആലങ്കോട് ലീലാകൃഷ്ണന്‍ പ്രശസ്തിപത്രാവതരണം നടത്തി. സമഗ്രസംഭാവനാ പുരസ്‌കാര ജേതാക്കളെ അക്കാദമി നിര്‍വ്വാഹകസമിതി അംഗം പ്രൊഫ.വി.എന്‍. മുരളി പരിചയപ്പെടുത്തി.
സാഹിത്യവും പ്രതിരോധവും സെമിനാറില്‍ സച്ചിദാനന്ദന്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. കവിസമ്മേളനത്തില്‍ കെ.ജി. ശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. പി.പി. രാമചന്ദ്രന്‍, പി.പി. ശ്രീധരനുണ്ണി, എന്‍.കെ. ദേശം, കുരീപ്പുഴ ശ്രീകുമാര്‍, എസ്. ജോസഫ്, കെ.ആര്‍.ടോണി, പി.എന്‍. ഗോപീകൃഷ്ണന്‍, എസ്.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.
















