കരുവാരക്കുണ്ട്: വര്‍ധിച്ചു വരുന്ന വന്യമൃഗശല്ല്യം തടയുന്നതിനു സര്‍ക്കാരും വനംവകുപ്പും കര്‍ഷകര്‍ക്കനുകൂലമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
നാണ്യവിളകളെല്ലാം വില തകര്‍ച്ച നേരിടുമ്പോഴും കൃഷിയെ പരിപോഷിപ്പിക്കുവാന്‍ വേണ്ടി നഷ്ടം സഹിച്ചാണ് കര്‍ഷകര്‍ കൃഷിയുമായി മുന്നോട്ടു പോകുന്നത്. കാട്ടാന, കാട്ടുപന്നി തുടങ്ങി വാനരപ്പടയടക്കമുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തി വിളകള്‍ നശിപ്പിക്കുകയാണ്.
കുണ്ടോട റോസ് മൗണ്ട് എസ്റ്റേറ്റിലെ മൂന്നു വര്‍ഷം പ്രായമായ മൂവായിരത്തോളം റബര്‍തൈകളാണ് ദിവസങ്ങള്‍ക്കുള്ളില്‍ കാട്ടാനകള്‍ നാശിപ്പിച്ചത്. ഇന്നലെ ഇരുപതിലധികം കാട്ടാനകളാണ് കൃഷിയിടത്തിലെത്തി റബര്‍ത്തൈകള്‍ നാശം വരുത്തിയതെന്ന് എസ്റ്റേറ്റുടമ ടോണി ആനത്താനം പറഞ്ഞു. ഇവയെ കൃഷിയിടത്തില്‍ നിന്നകറ്റാനുള്ള ശ്രമത്തിനിടയില്‍ തൊഴിലാളികളെ ഇവ വിരട്ടിയോടിച്ചതായും തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായ്പയെടുത്തു സ്വന്തം ചെലവില്‍ വനാതിര്‍ത്തികളില്‍ നിര്‍മിച്ച സൗരോര്‍ജ വേലികള്‍ തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത്.
വന്യമൃഗശല്യത്തില്‍ നിന്നു കര്‍ഷകര്‍ക്കും വിളകള്‍ക്കും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടും കര്‍ഷകര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടിക്കൊരുങ്ങുന്നതെന്നും ടോണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: