കൊച്ചി: ഭിന്നലിംഗക്കാരുടെ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സാക്ഷരത മിഷന്‍ തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളില്‍ വിദ്യാഭ്യാസത്തിന് കാര്യമായ പരിഗണനയൊന്നും തന്നെ ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തില്‍ തുടര്‍ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിനായി സാക്ഷരത മിഷന്‍ അധികൃതര്‍ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രാഥമിക നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ഘട്ടത്തില്‍ തുടര്‍ വിദ്യാഭ്യാസം നടത്തുവാന്‍ താല്‍പ്പര്യമുള്ള ഭിന്നലിംഗക്കാരുടെ വിവരങ്ങള്‍ സര്‍വ്വേ നടത്തി ശേഖരിക്കും. അതിനായി 4,50,000 രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാതല ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മുഖാന്തിരം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്.
















