കോട്ടയം: രാഷ്‌ട്രീയ സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടാത്ത രാഷ്‌ട്രീയക്കാരനാണ് കെ. എം. മാണിയെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. മാണിക്ക് രാഷ്‌ട്രീയം എല്ലാക്കാലവും കച്ചവടമാണ്. കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് മാണിയെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.
രാഷ്‌ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ല. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേതെന്നും കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. യു.ഡി.എഫില്‍ നിന്നുകൊണ്ട് എല്‍.ഡി.എഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തല്‍ മാണിയുടെ രാഷ്‌ട്രീയ സദാചാരത്തിന്റെ കാപട്യമാണെന്ന് മുഖപ്രസംഗത്തില്‍ പത്രം പറയുന്നു.
മുന്നണിക്കകത്ത് നിന്ന് തര്‍ക്കിച്ചും വിലപേശിയും കലഹിച്ചും അനര്‍ഹമായ പലതും നേടിയ മാണിയുടെ വിഷക്കൊമ്പു കൊണ്ടുള്ള കുത്തേല്‍ക്കാത്ത ഒരു നേതാവും കേരളകോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും, സ്ഥാപക നേതാവ് കെഎം ജോര്‍ജ് മുതല്‍ പിസി ജോര്‍ജ് വരെ അത് അനുഭവിച്ചവരാണെന്നും പത്രം ആരോപിക്കുന്നു.
















