അത്താണി: അംഗപരിമിതിമൂലം ജന്മനാ കിടപ്പിലാണെങ്കിലും 33-ാം വയസില്‍ പഠിച്ചു പത്താം ക്ലാസ് പരീക്ഷ ഒന്നാം ക്ലാസോടെ പാസായ തിന്റെ സന്തോഷത്തിലാണ് ജോണി. അഭിനന്ദിക്കാന്‍ എത്തിയ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പൊന്നാട അണിയിച്ചപ്പോള്‍ ജോണിക്ക് ആഹ്ലാദം അടക്കാനായില്ല.
അംഗപരിമിതരേയും ബുദ്ധിവൈകല്യമുള്ളവരേയും സംരക്ഷിക്കുന്ന തൃശൂര്‍ അതിരൂപത സ്ഥാപനമായ പോപ്പ് ജോണ്‍ പോള്‍ പീസ് ഹോമിലെ അന്തേവാസിയാണ് ജോണി. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മാനിച്ച കേക്ക് നുണഞ്ഞ ജോണിയുടെ ശിരസില്‍ അദ്ദേഹം വാല്‍സല്യത്തോടെ തലോടിയപ്പോള്‍ ജോണിയുടെ കണ്ണുകള്‍ നിറഞ്ഞു.
കമിഴ്ന്നു കിടക്കാന്‍ മാത്രം കഴിയുന്ന ജോണിക്കു പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. കുളിയും ഭക്ഷണം കഴിക്കലും അടക്കമുള്ള പ്രാഥമിക കാര്യങ്ങളെല്ലാം നിര്‍മലദാസി സിസ്റ്റര്‍മാരാണ് ചെയ്തുകൊടുക്കുന്നത്. സംസാരശേഷി കുറവാണ്. വായനാശീലമുണ്ട്. സ്കൂളിലേക്ക് ആദ്യമായി പോയത് ഇക്കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാനാണ്.
എസ്എസ്എല്‍സി പാസാകണമെന്ന് മോഹം മനസിലുണര്ന്നതു രണ്ടര വര്‍ഷം മുമ്പാണ്. പീസ് ഹോം അധികാരികളെ ജോണി അതറിയിച്ചു. കഴിഞ്ഞ വര്‍ഷം പീസ് ഹോം സന്ദര്‍ശിച്ച നടന് ജയറാമിനോടും ജോണി അതു പറഞ്ഞു. പിന്നീടു മേഴ്സി ഹോം സന്ദര്‍ശിച്ച പിണറായി വിജയനും അനില്‍ അക്കരയും അടക്കമുള്ളവരോടും ഈ വിശേഷം പറയാന്‍ ജോണി മറന്നില്ല.
ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍ദേശിച്ചതനുസരിച്ച് പീസ് ഹോം അധികൃതര്‍ ജോണിക്കു പാഠപുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തു. പഠിപ്പിക്കാനും തുടങ്ങി. അംഗപരിമിതരെ പരിചരിക്കുന്ന നിര്‍മലദാസി സിസ്റ്റര്മാര് ഗുരുനാഥരുമായി. പരീക്ഷ എഴുതാനുള്ള ഫീസ് അടച്ചത് ആര്‍ച്ച് ബിഷപ്പാണ്.
ചാലക്കുടിയിലെ വ്യാസ ഹയര്‍ സെക്കന്‍ഡറി സ്കൂളായിരുന്നു പരീക്ഷാ കേന്ദ്രം. പീസ് ഹോം ഡയറക്ടര്‍ ഫാ. ജീജോ വള്ളൂപ്പാറയും നിര്‍മലദാസി സന്യാസിനിമാരും ചേര്‍ന്നാണ് ജോണിയെ വാഹനത്തില്‍ കയറ്റി പരീക്ഷാകേന്ദ്രത്തിലെത്തിച്ചത്. പീസ് ഹോമിന് അരികില്‍ താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസുകാരനായ സിദ്ധാര്‍ഥാണു കൈകള്ക്കുശേഷിയില്ലാത്ത ജോണിക്കുവേണ്ടി പരീക്ഷ എഴുതിയത്. ഓരോ ചോദ്യത്തിനും ജോണി പറഞ്ഞുകൊടുത്ത ഉത്തരം സഹായിയായ സിദ്ധാര്‍ഥ് എഴുതുകയായിരുന്നു. ഫലം വന്നപ്പോള്‍ 63 ശതമാനം മാര്‍ക്ക്.
ഒലിപ്പാറ സ്വദേശിയായ ജോണി 22 വര്‍ഷം മുമ്പ് 1994 ജനുവരി 13 നാണ് മേഴ്സി ഹോമില്‍ അന്തേവാസിയായി എത്തിയത്. പത്താം വയസില്‍ ജോണിയെ മേഴ്സി ഹോമില്‍ ഏല്പിച്ച നിര്‍ധനരായ മാതാപിതാക്കള്‍ പിന്നെ കാണാന്‍പോലും വന്നിട്ടില്ല. ജോണിക്ക് അതിലൊന്നും ദുഖമില്ല. സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആനന്ദം മാത്രം. പഠിക്കാന്‍ സഹായിച്ച ആര്‍ച്ച് ബിഷപ്പിനോടും സിസ്റ്റര്മാരോടുമുള്ള നന്ദിയും.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി അമ്പലപുരം വാര്‍ഡ് മെമ്പര്‍ മധു അമ്പലപുരം, പീസ് ഹോം ഡയറക്ടര്‍ ഫാ. ജിജോ വള്ളൂപ്പാറ, മുന്‍ ഡയറക്ടറും കൊട്ടേക്കാട് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോജു ആളൂര്‍, സിസ്റ്റര്‍ പി.ഡി. മേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: