പത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റേഷന്റെ യാര്‍ഡ് നിര്‍മാണത്തിനായി 46 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകും. യാര്‍ഡിന്റെ മണ്ണ് പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും പരിശോധന റിപ്പോര്‍ട്ട് ലഭിക്കാന്‍ താമസിക്കുന്നതാണ് യാര്‍ഡ് നമിര്മ്മാണം വൈകാന്‍ കാരണം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഏറെ വൈകുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഗരവികസന വകുപ്പില്‍ നിന്ന് നഗരസഭ എടുത്ത വായ്പയുടെ തിരിച്ചടവിലും പ്രശ്നങ്ങളുണ്ട്. വായ്പയെടുത്ത 4.35 കോടി രൂപ പലിശയും പിഴപലിശയും ഉള്‍പ്പെടെ 8.80 കോടിയായി തിരിച്ചടച്ചെങ്കിലും ഇതു സംബന്ധിച്ച രേഖകള്‍ തദ്ദേശ വകുപ്പില്‍ നിന്ന് ലഭിച്ചിട്ടില്ല. എംഎല്‍എയും നഗരസഭാ ചെയര്‍പേഴ്സണും വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കണക്കുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും അതുണ്ടായിട്ടില്ല.
മഴക്കാലമാരംഭിച്ചതോടെ ബസ്സ് സ്റ്റാന്‍ഡ് ചെളിക്കുളമായി മാറി. ഏറെ ബുദ്ധിമുട്ടിയാണ് യാത്രക്കാര്‍ ബസ്സുകളില്‍ കയറുന്നത്. ഇവിടെ മഴവെള്ളം കെട്ടി നില്‍ക്കുന്നത് മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ്സ് ടെര്‍മിനലിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ നഗരസഭയുടെ സ്വകാര്യ ബസ്സ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗത്താണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തിക്കുന്നത്.
ഇതോടെ ഏറെത്തിരക്കാണ് ബസ്സ് സ്റ്റാന്‍ഡില്‍ അനുഭവപ്പെടുന്നത്. ഡിപ്പോയുടെ അകത്തുള്ള കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പൊട്ടിപ്പൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: