വാഷിങ്ടണ്‍: തങ്ങളുടെ രാജ്യത്ത് ഭീകരര്‍ക്ക് സുരക്ഷിത താവളമില്ലെന്ന് പൊതുവേദിയില്‍ പറഞ്ഞ പാക്കിസ്ഥാന്റെ നയതന്ത്ര പ്രതിനിധിക്ക് സദസിന്റെ പരിഹാസം. കളിയാക്കി പൊട്ടിച്ചിരിച്ച നിറഞ്ഞ സദസ് പാക് പ്രതിനിധി ഐസാസ് അഹമ്മദ് ചൗധരിയെ അക്ഷരാര്‍ഥത്തില്‍ അപഹസിച്ചു. അഫ്ഗാനിലെ അമേരിക്കയുടെ തന്ത്രങ്ങളെക്കുറിച്ച് അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ സൗത്ത് ഏഷ്യാ സെന്റര്‍ സംഘടിപ്പിച്ച സെമിനാറായിരുന്നു വേദി.
പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഐസാസ് പാക്കിസ്ഥാനില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഇല്ലെന്ന് പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. അടുത്തിടെ പ്രമുഖ താലിബാന്‍ നേതാവ് മുല്ല ഒമര്‍ കറാച്ചിയിലെ ആശുപത്രിയില്‍ മരണമടഞ്ഞിരുന്നു. ഇയാള്‍ ഒരിക്കല്‍ പോലും അഫ്ഗാനിസ്ഥാന്‍ വിട്ടിട്ടിെല്ലന്നും ഐസാസ് തട്ടിവിട്ടു. ഇതോടെയാണ് സദസിലുണ്ടായിരുന്നവര്‍ ഒറ്റക്കെട്ടായി പൊട്ടിച്ചിരിച്ചത്. അസ്വസ്ഥനായ ഐസാസ് ഇതിലെന്താണിത്ര ചിരിക്കാനെന്ന് ചോദിച്ച് തലയൂരി. അമേരിക്കയിലെ മുതിര്‍ന്ന പാക് നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇയാള്‍.
മുല്ലാ ഒമര്‍ ഒരിക്കല്‍ പോലും അഫ്ഗാന്‍ വിട്ടിട്ടില്ലെന്നും പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടേയില്ലെന്നുമുള്ള വാദത്തെ മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ സാല്‍മേ ഖലില്‍സാദ് എതിര്‍ത്തു. ഈ വാദം ശരിയല്ല. അഫ്ഗാനിലും ഇറാഖിലും യുഎന്നിലും അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ച അദ്ദേഹം തുറന്നടിച്ചു. മുല്ല ഒമര്‍ പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നുവെന്നതിന് ഞങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ട്. എവിടെയാണ് താമസിച്ചത്. ഏത് ആശുപത്രിയിലാണ് കഴിഞ്ഞത് എല്ലാം അറിയാം. ഒസാമ ബിന്‍ ലാദനും അഫ്ഗാന്‍ വിട്ടിട്ടില്ലെന്നാണ് മുന്‍പ് പറഞ്ഞിരുന്നത്. അദ്ദേഹം പറഞ്ഞു.
( പാക്കിസ്ഥാനിലെ അബോട്ടാബാദിലെ താവളത്തില്‍ വച്ചാണ് യുഎസ് സൈന്യം ലാദനെ കൊന്നത്) ഇതോടെ പാക് പ്രതിനിധി ഒറ്റപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരിയും യുഎസ് വിദഗ്ധന്‍ ആഷ്‌ലി ടെല്ലിസും ഖലില്‍സാദിനൊപ്പം ചേര്‍ന്ന് പാക് പ്രതിനിധിയുടെ വാദങ്ങളുടെ മുനയൊടിച്ചു. പാക്കിസ്ഥാനില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങളുണ്ട്. അവര്‍ക്ക് പാക് പിന്തുണയുമുണ്ട്. അവര്‍ തുറന്നടിച്ചു. അഫ്ഗാനിലെ താലിബാന്‍ നേതൃത്വത്തിന്റെ താവളം തന്നെ പാക്കിസ്ഥാനാണ്, അവര്‍ പറഞ്ഞു.
പാക്ക് പ്രതിനിധി ഇതിനോട് രോഷാകുലനായിട്ടാണ് പ്രതികരിച്ചത്. ഏതു താവളത്തെപ്പറ്റിയാണ് നിങ്ങള്‍ സംസാരിക്കുന്നത്. ഹഖാനി ശൃംഖലയും താലിബാനും ഞങ്ങളുടെ സുഹൃത്തുക്കളല്ല. അവര്‍ ഞങ്ങളുടെ ആള്‍ക്കാരുമല്ല. ഐസാസ് തുടര്‍ന്നു. സാല്‍മേ ഖലില്‍സാദും പാക് പ്രതിനിധിയും തമ്മിലുള്ള രൂക്ഷമായ വാക്‌പോരിനെത്തുടര്‍ന്ന് ചര്‍ച്ച പെട്ടെന്ന് അവസാനിച്ചു.
റാവല്‍ പിണ്ടിയില്‍ പാക് കരസേനാ മേധാവിയെ കാണാന്‍ പോയ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി എന്തുകൊണ്ട് പാക്കിസ്ഥാനെതിരെ തിരിഞ്ഞുവെന്ന് നിങ്ങള്‍ ആലോചിക്കണം. മനീഷ് തിവാരി പറഞ്ഞു. അഫ്ഗാനെതിരെ പാക്കിസ്ഥാന്‍ അപ്രഖ്യാപിത യുദ്ധം നടത്തുകയാണെന്ന് തുറന്നുപറയാന്‍ അഫ്ഗാന്‍ പ്രസിഡന്റിന് തടസങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.
















