ലണ്ടന്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി പദം രാജിവെക്കില്ലെന്നും മേ വ്യക്തമാക്കി.
അതേസമയം, ബക്കിങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മേ അവകാശവാദം ഉന്നയിക്കും. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് ഓഫ് നോര്‍ത്തേണ്‍ ഐര്‍ലന്‍ഡ് (ഡി.യു.പി) പിന്തുണ ലഭിക്കുമെന്നാണ് മേ കരുതുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
650 അംഗ പാര്‍ലെമന്റില്‍ കേവലഭൂരിപക്ഷം തികക്കാന്‍ 326 സീറ്റുകള്‍ വേണം. കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്റെ കുറവാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളത്. ഡി.യു.പിക്ക് 10 സീറ്റുകളുണ്ട്.
















