ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിത പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഡ്ജ്ബാസ്റ്റണില്‍ നിന്ന് മത്സരിച്ച സിഖ് വനിത പ്രീതി കൗര്‍ ഗിലാണ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
എഡ്ജ്ബാസ്റ്റണില്‍ തന്നെ ജനിച്ചു വളര്‍ന്ന പ്രീതി കൗര്‍ സാന്റ്‌വെലിലെ കൗണ്‍സിലറാണ്. ലേബര്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഗിസെല സ്റ്റുവര്‍ട്ടിനെ 2706 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൗര്‍ പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ പ്രീതി കൗറിന്റെ വിജയം പുറത്തു വന്നു.
ജനിച്ചു വളര്‍ന്ന നാട്ടിലെ ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്ന് ഗില്‍ വിജയശേഷം അറിയിച്ചു. രണ്ടു വര്‍ഷമായി സിഖ് നെറ്റ്‌വര്‍ക്കിന്റെ ബോര്‍ഡംഗമായി പ്രവര്‍ത്തിച്ചിരുന്നത് രാഷ്‌ട്രീയ ജീവിതത്തില്‍ ഉപകരിച്ചുവെന്ന് ഗില്‍ വ്യക്തമാക്കി.
പ്രീതിയ്‌ക്കൊപ്പം തന്നെ സിഖ് വംശജനായ തന്‍മജീത് സിംഗ് തെഹ്‌സിയും തെരഞ്ഞെടുപ്പില്‍ വിജയിച്ചു.ബ്രിട്ടീഷ് പാര്‍ലമെന്റിനുളളില്‍ തലപ്പാവ് ധരിച്ചെത്തുന്ന ആദ്യത്തെ വ്യക്തിയാകും തന്‍മജീത് സിങ് തെഹ്‌സി. സ്ലേയില്‍ നിന്നാണ് തെഹ്‌സി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പാര്‍ലമെന്റിലെ 10 എം.പിമാര്‍ ഇന്ത്യന്‍ വംശജരായിരുന്നു.
സിഖ് വംശജര്‍ക്കെതിരെ ബ്രിട്ടനില്‍ വംശീയ ആക്രമണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൗറിന്റെയും തെഹ്‌സിയുടെയും വിജയം സിഖുകാര്‍ക്ക് പുത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.
















