ശ്രീകണ്ഠപുരം: ചുഴലി ഗവ.ഹയര്‍സെകണ്ടറി സ്‌കൂളിലെ താല്‍കാലിക അധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്രമായ ചുഴലിയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. ഈ സ്‌കൂളില്‍ താല്‍കാലിക അധ്യാപകനായി നിയമിതനായ സിപിഎം വളക്കൈ ലോക്കല്‍ കമ്മറ്റി അംഗവും ചെങ്ങളായി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ മിനേഷ് മണക്കാടിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി സിപിഎമ്മിലെ മറ്റൊരു പ്രമുഖ നേതാവിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കമാണ് സിപിഎമ്മില്‍ പൊട്ടത്തെറിക്ക് കാരണമായിട്ടുള്ളത്. നേതാക്കള്‍ക്ക് താല്‍പര്യമുള്ള സ്ത്രീക്ക് ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ലോക്കല്‍ കമ്മറ്റി അംഗത്തെ അധ്യാപകനായി നിയമിച്ചത്.
മലയാളം, കായികം എന്നീ വിഷയങ്ങളില്‍ ഓരോ വിഭാഗത്തിലും എല്‍പി വിഭാഗത്തില്‍ രണ്ട് സീറ്റിലുമാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഹൈസ്‌കൂള്‍ വിഭാഗം മലയാള അധ്യാപക തസ്തികയില്‍ എട്ടോളം പേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്നാണ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുകൂടിയായ മിനേഷിന് നിയമനം നല്‍കിയത്. കഴിഞ്ഞ 1, 2 തിയ്യതികളില്‍ ഇദ്ദേഹം സ്‌കൂളില്‍ ക്ലാസെടുക്കുകയും ചെയ്തിരുന്നു. അഞ്ചിന് സ്‌കൂളിലെത്തിയപ്പോഴാണ് നേരത്തെ നടന്ന ഇന്റര്‍വ്യൂ റദ്ദാക്കിയെന്നും തനിക്ക് ജോലിയില്ലെന്നും മിനേഷിനേ അധികൃതര്‍ അറിയിച്ചത്. ഇന്റര്‍വ്യൂ സംബന്ധിച്ച് പത്രങ്ങളില്‍ അറിയിപ്പ് വന്നിട്ടില്ലെന്ന് പറഞ്ഞാണ് റദ്ദാക്കിയത്.
ഇതുപ്രകാരം മലയാളം അധ്യാപക തസ്തികയില്‍ ഇന്ന് ഇന്റര്‍വ്യൂ നടത്തി. മിനേഷിന് പകരം സിപിഎം നേതാവിന്റെ ബന്ധുവായ സ്ത്രീയെ നിയമിക്കാനാണ് നീക്കം. ഇതാണ് പാര്‍ട്ടി അണികളില്‍ പ്രതിഷേധത്തിന് കാരണമായത്.
















