ചെറുതുരുത്തി: ഒരു കോടി വൃക്ഷത്തെകള്‍ നട്ടും കോടികള്‍ പൊടിപൊടിച്ചും പരിസ്ഥിതിദിനാഘോഷം കടന്നു പോകുമ്പോള്‍ കേരളത്തിന്റെ സാംസ്കാരിക പ്രതീകമായ നിള ഊര്‍ധ്വന്‍ വലിക്കുന്നു. വര്‍ഷകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും മൂന്നുജില്ലകളിലെ ജനലക്ഷങ്ങള്‍ക്ക് ജീവജലം നല്കുന്ന നിള മണല്‍പ്പരപ്പിലെ കണ്ണീര്‍ച്ചാലുമാത്രമായൊഴുകുന്നു.
സംസ്ഥാന ആസൂത്രണബോര്‍ഡ് നിളയുടെ പുരജ്ജീവനത്തിന് നടത്തിയ ചര്‍ച്ചപോലും ജലരേഖയായി മാറി. 2008 ജൂണ്‍ 8, 9 തീയതികളില്‍ കിലയില്‍ പ്രഗത്ഭരെ പങ്കെടുപ്പിച്ചായിരുന്നു ചര്‍ച്ച. ഭാരതപ്പുഴ നദീതടാസൂത്രണം, പ്രശ്നങ്ങള്‍, സാധ്യതകള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്തു.
നിളാതടത്തിലെ ജൈവവൈവിധ്യം, കൃഷിയിലും നിളയിലും വന്ന മാറ്റങ്ങള്‍, ജലസംഭരണപ്രദേശത്തെ കാടിന്റെ ശോഷണം, പരിസ്ഥിതിപുനഃസ്ഥാപനം, മലിനീകരണം തുടങ്ങി നദീപ്രവാഹത്തിലെ മാറ്റങ്ങള്‍ എല്ലാം ചര്‍ച്ചാവിഷയമായി. പുഴയുടെ പശ്ചാത്തലചരിത്രം, തനിമ, രൂപം എന്നിവ അവതരിപ്പിച്ച് പുനരുജ്ജീവനത്തിന് ജനകീയ കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും തീരുമാനമായിരുന്നു. ഇഎന്നാല്‍ ഒമ്പതുവര്‍ഷമായിട്ടും ആസൂത്രണ ബോര്‍ഡിന്റെ ഈ കണ്വെന്ഷന് ലക്ഷ്യം കണ്ടില്ല.
2010ല്‍ സിഡബ്ല്യുആര്‍ഡിഎം നിളയിലെ വെള്ളത്തിന്റെ നിലവാരത്തെക്കുറിച്ച് പഠനം നടത്തി. പുഴയിലെ 27 തടങ്ങളില്‍നിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചു. ഗുണനിലവാരം വേണ്ടത്ര ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിലും തുടര്‍ നടപടിയുണ്ടായില്ല.
അനിയന്ത്രിതമായ മണലെടുപ്പാണ് പുഴയെ ഇല്ലാതാക്കിയ പ്രധാനഘടകം. മണലെടുത്തിരുന്നവര്‍ നിയമങ്ങളെല്ലാം അവഗണിച്ചു. പുഴയിലേക്ക് ലോറികള്‍ ഇറക്കിയുള്ള മണലെടുപ്പില്‍ നിരവധി ശുദ്ധജലപദ്ധതികളുടെ പൈപ്പുകള്‍ തകര്‍ന്നു. മണല്‍ വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയ കോടികളില്‍നിന്ന് പുഴയെ വീണ്ടെടുക്കാനുള്ള പ്രവൃത്തികളൊന്നും തിരിച്ചുണ്ടായില്ല.
ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും തൊഴിലാളിസംഘടനകളും പ്രതിസ്ഥാനത്താണ്. പുഴയോരത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം മണലായിരുന്നു. ഇന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുചട്ടി മണല്‍പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.അമിത ചൂഷണം മൂലം മണല്‍ ഇല്ലാതായതോടെ പുഴയുടെ പലഭാഗത്തും പൊന്തക്കാടുകളും ചെടികളും വളര്‍ന്നുതുടങ്ങി. ബലിതര്‍പ്പണം നടത്താനെത്തുന്നവര്‍ക്ക് മുങ്ങാന്‍ പോലും വെള്ളമില്ലാതായി.
ഈ ദുരവസ്ഥയില്‍ നിന്ന് ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം നടന്നു. ഭാരതപ്പുഴയുടെ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കണമെന്ന് പ്രമേയം പാസാക്കിയ സമ്മേളനം ഇതിന്റെ രൂപരേഖ അധികൃതര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: