പന്തളം: പന്തളത്ത് കരിങ്ങാലി, മാവര പാടശേഖരങ്ങളിലായി തരിശായി കിടക്കുന്ന ആയിരത്തിലേറെ ഹെക്ടര്‍ പാടശേഖരങ്ങളില്‍ പൂര്‍ണ്ണമായും നെല്‍ക്കൃഷി ചെയ്ത് പന്തളം ബ്രാന്‍ഡ് അരി വിപണിയിലെത്തിക്കാന്‍ നടപടികളായി.
അടൂര്‍, മാവേലിക്കര നിയമസഭാമണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 1277 ഹെക്ടര്‍ പാടശേഖരത്തിലാണ് കൃഷി ഇറക്കുന്നത്. അടൂര്‍ മണ്ഡലത്തിലെ പന്തളം നഗരസഭ, മാവേലിക്കര മണ്ഡലത്തിലെ പാലമേല്‍ നൂറനാട് പഞ്ചായത്തുകളില്‍പ്പെട്ട കരിങ്ങാലി പാടശേഖരത്തിലെ ചിറ്റിലപ്പാടം, പുതുവാക്കല്‍, നെല്ലിക്കല്‍, വലിയകൊല്ല, ശാസ്താംപടി, ഇയ്യാംകോട്, മഞ്ഞനംകുളം, മൂളിക്കല് ഏലാകളിലും, അടൂര്‍ മണ്ഡലത്തിലെ പൂഴിക്കാട്, ചിറമുടി, പന്തളം തെക്കേക്കര, തുമ്പമണ്‍ പഞ്ചായത്തിലും പന്തളം നഗരസഭയിലുമായി കിടക്കുന്ന മാവര ഉള്‍പ്പെടെയുള്ള ഏലാകളിലാണ് നെല്‍ക്കൃഷി ഇറക്കുന്നത.് നിലവില്‍ അടൂര്‍ മണ്ഡലത്തിലെ 150 ഹെക്ടറിലും മാവേലിക്കര മണ്ഡലത്തില്‍ 127 ഹെക്ടറിലും മാത്രമാണ് കൃഷി നടക്കുന്നത്. അടൂര്‍ മണ്ഡലത്തില്‍ 550 ഹെക്ടറും മാവേലിക്കര മണ്ഡലത്തില്‍ 450 ഹെക്ടറുമാണ് ഏറെ വര്‍ഷങ്ങളായി തരിശു കിടക്കുന്നത്. ഇവിടങ്ങളിലും കൃഷിയിറക്കാനാണ് തീരുമാനം.
ഇതിന്റെ പ്രാഥമിക ഘട്ടമായി ഐരാണിക്കുടി പാലം ഷട്ടര്‍, ക്രോസ്സ് ചീപ്പ് നിര്‍മ്മാണം, പമ്പ് സെറ്റ് ലഭ്യമാക്കല്‍ കുളങ്ങളുടെ ആഴംകൂട്ടല്‍, തോടുകളുടെ വശംകെട്ട്, ഏലാ റോഡ് നിര്‍മ്മാണം എന്നിവ നടത്തും. ട്രാക്ടര്‍, കൊയ്ത്തുമെതി യന്ത്രങ്ങള്‍ വാങ്ങാനും വൈദ്യുതി കണക്ഷന് ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇതിനായി പദ്ധതി തയ്യാറാക്കാന്‍ വാട്ടര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ശോശാമ്മയെ ചുമതലപ്പെടുത്തി. വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയതിനുശേഷം കൃഷി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ച് തുടര്‍ പ്രവര്‍ത്തനം നടത്തും. ആറന്മുള ബ്രാന്‍ഡ് പോലെ പന്തളം ബ്രാന്‍ഡ് അരി ഉല്പാദിപ്പിച്ച് വിപണനം നടത്തും.
പന്തളം കൃഷി ഓഫീസില്‍ നടന്ന പദ്ധതിയുടെ പ്രാഥമികതല ആലോചനായോഗത്തില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍, മാവേലിക്കര എംഎല്‍എ ആര്. രാജേഷ് എന്നിവര്‍ കൃഷി, കാര്‍ഷിക വികസനാനുബന്ധ ഇതര വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: