കേളകം: സതീദേവി കുടികൊള്ളുന്ന അക്കരെ കൊട്ടിയൂരിലെ അമ്മാറക്കലില്‍ കെടാവിളക്കിന് മേല്‍ക്കൂരയായി ചൂടാനുള്ള കുട മണത്തണയില്‍ നിന്ന് എഴുന്നള്ളിച്ച് കൊട്ടിയൂരിലെത്തിച്ചു. കുറ്റിയാടി പേരാമ്പ്ര സ്വദേശി ബാലകൃഷ്ണന്‍ പണിക്കറാണ് കുട എഴുന്നള്ളിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ മണത്തണയില്‍ നിന്ന് പുറപ്പെട്ട് കേളകം, കണിച്ചാര്‍ രണ്ടാംപാലം, ഗണപതിപ്പുറം, ഇക്കരെ കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ വിശ്രമിച്ച് വൈകിട്ട് ആറരയോടെ ക്ഷേത്രത്തിലെത്തിച്ചു. അവിടെ നിന്ന് മണാളനും ഒറ്റപ്പിലാനും കുട ഏറ്റുവാങ്ങി. സതീദേവി ആത്മത്യാഗം ചെയ്ത സ്ഥാനം എന്ന് വിശ്വസിക്കപ്പെടുന്ന തറയാണ് അമ്മാറക്കല്‍. നീരെഴുന്നള്ളത്ത് കഴിഞ്ഞാല്‍ പിറ്റേന്നാള്‍ മുതല്‍ സ്ഥാനികരായ പെരുംകണിയാന്‍ കുടനിര്‍മ്മാണം ആരംഭിക്കുകയും ഭണ്ഡാരം എഴുന്നള്ളത്ത് തലേനാള്‍ കുടനിര്‍മ്മാണം പൂര്‍ത്തികരിക്കുകയും പിറ്റേന്ന് കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യുകയാണ് ചടങ്ങ്.
















