ആലപ്പുഴ: ചെങ്ങന്നൂര്‍ ചെറിയനാട് പടനിലത്തും തിരുവനന്തപുരം കഴക്കൂട്ടത്തും എസ്ബിഐ എടിഎം തകര്‍ത്ത് മോഷണം നടത്തിയ കേസിലെ മറ്റു പ്രതികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ കേരളാ പോലീസ് ഊര്‍ജ്ജിതമാക്കി.
പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ചെങ്ങന്നൂര്‍ ആലാ പെണ്ണുക്കര കനാല്‍ ജങ്ഷന് സമീപം ഇടയിലേത്ത് വീട്ടില്‍ സുരേഷ് കുമാറി(37)നെ കഴിഞ്ഞ ദിവസം ഹരിയാന പോലീസിന്റെ സഹായത്തോടെ പിടികൂടിയിരുന്നു. പാട്യാല മെട്രോപ്പോലീറ്റന്‍ കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ പ്രതിയുമായി ചെങ്ങന്നൂര്‍ എസ്‌ഐ എം. സുധിലാല്‍, മാരാരിക്കുളം എസ്‌ഐ ഉമേഷ്, സിപിഒമാരായ രാഹുല്‍ രാജ്, ഷെഫീക്ക് എന്നിവര്‍ കേരളത്തിലേക്ക് തിരിച്ചു.
സുരേഷിനെ വെള്ളിയാഴ്ച ചെങ്ങന്നൂരിലെത്തിച്ച് തെളിവെടുപ്പ് ആരംഭിക്കും. സംഭവത്തിലെ മറ്റു പ്രതികളെ സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ദില്ലി ആര്‍കെ പുരം ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അസ്‌ലൂപ് ഖാന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികളെ പിടികൂടാന്‍ കായംകുളം സിഐ കെ സദന്‍, ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രത്യേക സ്‌ക്വാഡിലെ എഎസ്‌ഐ ഇല്ല്യാസ്, സീനിയര്‍ സിപിഒ മോഹന്‍കുമാര്‍, സിപിഒമാരായ പ്രതാപചന്ദ്രമേനോന്‍, ഉണ്ണികൃഷ്ണപിള്ള, വിനില്‍ എം.കെ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദല്‍ഹിയില്‍ തുടരുകയാണ്. ദല്‍ഹി ഗുഡ്ഗാവിന് സമീപമുള്ള മേവാഡ് ജില്ലയില്‍ സിക്കാപ്പൂരില്‍ അസ്‌ലൂപ് ഖാന്‍ ഒളിവിലുണ്ട് എന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം എഡിജിപി സന്ധ്യയുമായി ബന്ധപ്പെട്ടു.
ഇവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദില്ലി, ഹരിയാന പോലീസിന്റെ സഹായത്തോടെ ഈ ഗ്രാമം വളയുകയായിരുന്നു. 70 എന്‍എസ്ജി കമാന്‍ഡോസ് ഉള്‍പ്പെടെ 100 പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഗ്രാമത്തിനുള്ളില്‍ കടന്നുചെല്ലാന്‍ കഴിഞ്ഞത്. എന്നാല്‍ അസ്‌ലൂപ് ഖാന്‍ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഇവരെ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















