മലപ്പുറം: പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വള്ളുവമ്പ്രം കക്കാടമ്മല്‍ അങ്കണവാടി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്തിന്റെ കൈവശത്തിലുള്ള കെട്ടിടത്തില്‍ നിന്നും മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
നല്ല നിലയില്‍ നിരവധി കുട്ടികളുമായി 18-ാം വാര്‍ഡിന്റെയും 19-ാം വാര്‍ഡിന്റെയും അതിര്‍ത്തിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ അംഗന്‍വാടി ശുചിത്വ മുറിയില്ലാ എന്ന കാരണം പറഞ്ഞാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്ത് കൈവശമുള്ള കെട്ടിടത്തിലേക്ക് രണ്ടുവര്‍ഷം മുമ്പ് മാറ്റിയത്.
ഇപ്പോള്‍ വീണ്ടും മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. മലയന്‍ വേലായുധന് അദ്ധ്യക്ഷത വഹിച്ചു. ടി.അബൂബക്കര്‍, മുക്കന്‍ അബ്ദുല്‍ റസാഖ്, അനീസ് മുലക്കോട്, ഗിരീഷ് മുതിര്ക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: