ആറുമാസത്തിനകം പുറമ്പോക്ക് ഭുമി തിരിച്ചുപിടിക്കണം
കരുവാരകുണ്ട്: ഒലിപ്പുഴയോരത്തെ കര്‍ഷകരുടെ കൈവശത്തിലിരിക്കുന്ന പുറമ്പോക്കു ഭൂമി തിരിച്ചുപിടിക്കണമെന്ന് സര്‍വ്വകക്ഷിസംഘം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘമാണ് കഴിഞ്ഞ ദിവസം കളക്ടറെ കണ്ടത്.
ഒലിപ്പുഴയോരത്തെ അഞ്ഞൂറോളം ഏക്കര്‍ കൃഷിഭൂമിയാണ് ഒന്നാംഘട്ടം കര്‍ഷകരില്‍ നിന്നും പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അടുത്തഘട്ടം കല്ലന് പുഴയോരത്തെ പുറമ്പോക്കു ഭൂമി പിടിച്ചെടുക്കുമെന്നും സര്‍വ്വകക്ഷിസംഘം കളക്ടറെ അറിയിച്ചു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് കളക്ടര്‍ സ്വീകരിച്ചതെന്നും നേതാക്കള്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്നും തിരിച്ചെടുക്കുന്ന സ്ഥലത്ത് ഫലവൃക്ഷതൈകളും നെല്‍കൃഷിയും നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും സംഘം കലക്ടറെ ബോധ്യപ്പെടുത്തി.
എന്നാല്‍ പഞ്ചായത്ത് രൂപീകരണത്തിനു മുമ്പുതന്നെ കര്‍ഷകരുടെ കൈവശത്തിലിരിക്കുന്ന കൃഷിയിടമാണ് കര്‍ഷക വിരോധികളായ ചിലര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും എന്തു വില കൊടുത്തും ഇതിനെ നേരിടുമെന്നും കര്‍ഷക സമതി ജനറല്‍ കണ്‍വീനര്‍ മാത്യു സെബാസ്റ്റ്യന്‍ താഴത്തേല്‍ വ്യക്തമാക്കി. അധികൃതരുടെ അറിവോടെ നാലുതലമുറകളായികൈവശത്തിലിരിക്കുന്ന നിര്‍ധന കുടുംബങ്ങളുടെ കൃഷിയിടങ്ങളാണിതെന്നും അദ്ദേഹം ചൂണ്ടികാട്ടി. പഞ്ചായത്ത് വീണ്ടും കര്‍ഷകവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കളക്ടറേറ്റുപടിക്കല്‍ കര്‍ഷകര്‍ നിരാഹാര സമരമനുഷ്ടിക്കുമെന്നും മാത്യു സെബാസ്റ്റ്യന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പു നല്കി. കഴിഞ്ഞയാഴ്ച ഒലിപുഴയോരത്തെ കൃഷിഭൂമി ഏറ്റെടുക്കല്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ഷക സമതിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സര്‍വ്വകക്ഷി നേതാക്കളായ എം.മുഹമ്മദ്, എന്‍.കെ.അബദു റഹിമാന്‍, പി.ഉണ്ണിമാന്‍, പി.അനില്‍ പ്രസാദ്, ബെന്നി ഉപ്പുമാക്കല്‍, ടി.പി.ജോണ്‍ എന്നിവരാണ് സര്‍വ്വകക്ഷി സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: