മലപ്പുറം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്തപദ്ധതി നടപ്പാക്കും. ഈ വര്‍ഷം കടുത്ത വരള്‍ച്ച നേരിട്ട ജില്ലയെ ജലസമൃദ്ധമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎമ്മിന്റെ സഹായത്തോടെ ജലസംരക്ഷണത്തിനായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഡിപിസി അംഗീകാരത്തോടെ സി.ഡബ്ല്യു.ആര്.ഡി.എം നെ ഔഗ്യോഗികമായി ചുമതലപ്പെടുത്തുന്നതാണ്. ആറുമാസത്തിനകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കുവാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം മുന്തിയ പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. കിണര്‍ റീചാര്‍ജിങ്, മഴക്കുഴികള്‍, കുളങ്ങളുടെയും ജലാശയങ്ങളുടെയും പുനരുദ്ധാരണം പുതിയവയുടെ നിര്‍മ്മാണം, നദികളിലും നീര്‍ച്ചാലുകളിലും തടയണങ്ങളുടെയും അടിയണകളുടെയും നിര്‍മ്മാണം മുതലായവ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതാണ്.
ഭാരതപ്പുഴയുടെ വീണ്ടെടുപ്പിനായി ‘നിള പുനര്‍ജനി’ എന്ന പ്രത്യേക പദ്ധതിയും നടന്നുകൊണ്ടിരിക്കുന്നു. ഒലിപ്പുഴയുടെ സംരക്ഷണത്തിനായി കരുവാരക്കുണ്ട് പഞ്ചായത്തുമായി സംയുക്ത പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തും തിരൂര്‍ – പൊന്നാനി പുഴയുടെ തീരത്തുള്ള ഗ്രാമ പഞ്ചായത്തുകളും തിരൂര്‍ പുഴയുടെ സംരക്ഷണത്തിനുമുള്ള പദ്ധതികളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കുന്നതാണ്. ക്വാറികളില്‍ കെട്ടികിടക്കുന്ന വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനും പദ്ധതി ലക്ഷ്യംവെക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ പൂക്കോട്ടൂര്‍ വില്ലേജില്‍ 25 ഏക്കര്‍ റവന്യൂ സ്ഥലത്ത് പരന്ന് കിടക്കുന്ന മൈലാടി ക്വാറിയില്‍ തൊഴിലുറപ്പു പദ്ധതിയില്‍ പത്തു ലക്ഷത്തിലേറെ രൂപ ചിലവില്‍ തടയണ നിര്‍മ്മിക്കുന്നതാണ്. ആയതിന്റെ അനുമതിയും സാധനങ്ങള്‍ക്കുള്ള ടെണ്ടറും നല്കി. എത്രയും പെട്ടെന്ന് പണി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: