മലപ്പുറം: ഡെങ്കിപ്പനി ചികിത്സക്കായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു.
രാവിലെ മുതല്‍ ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണം വേണ്ട രീതിയില്‍ നടത്തുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണം.
തിരൂര്‍ നഗരത്തില്‍ മാലിന്യം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മഴ പെയ്തതോടെ മാലിന്യങ്ങളെല്ലാം ഒഴുകി റോഡില്‍ അടിഞ്ഞുകൂടിയിരിക്കുന്നു. എന്നാല്‍ ഇത് നീക്കം ചെയ്യാന്‍ പോലും നഗരസഭ തയ്യാറാകുന്നില്ല.
നഗരസഭയുടെ അനാസ്ഥക്കെതിരെ എട്ടിന് യുഡിഎഫ് തിരൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നുള്ളവരും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ചികിത്സക്കെത്തുന്നു. ഇതിനാല്‍ ജില്ലയിലെ അസുഖബാധിതരുടെ കൃത്യമായ കണക്ക് ലഭ്യമല്ല.
ഡെങ്കിപ്പനി പടരാതിരിക്കാനുള്ള ഏക പ്രതിവിധി കൊതുകുകളുടെ ഉറവിടം നശിപ്പിക്കുകയെന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഡെങ്കിപ്പനി ബാധിക്കുന്നതോടെ രോഗിയുടെ ശരീരത്തിലെ രക്തത്തിലെ അളവ് കുറയുന്നതിനാല്‍ പകരം കുറവുള്ള അളവ് രക്തം നല്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളില്‍ മാത്രം 150 ഓളം പേര് ചികിത്സക്ക് എത്തിയതായിയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇനിയും പകര്‍ച്ചവ്യാധികളും പടരാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടുകളിലെ പരിസരങ്ങളിലും മറ്റുമുള്ള കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും അത് ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശീലമാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: