തിരുവനന്തപുരത്ത് എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്ക്
വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം
തിരുവനന്തപുരം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന് ആവേശോജ്ജ്വല സ്വീകരണം. കനത്ത മഴയെയും അവഗണിച്ച് ഇരുചക്രവാഹനങ്ങളിലെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വിമാനത്താവളം മുതല്‍ തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരം വരെ ദേശീയ അദ്ധ്യക്ഷന് അകമ്പടി സേവിച്ചു.
കൊച്ചിയില്‍ നിന്ന് രാവിലെ 10.40 ന് വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സുരേഷ് ഗോപി എംപി, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍, ഘടകക്ഷി നേതാക്കളായ ചൂഴാല്‍ നിര്‍മ്മലന്‍, ബാലരാമപുരം സുരേന്ദ്രന്‍, സോമശേഖരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് എംപി, അഖിലേന്ത്യാ സഹസംഘടനാ കാര്യദര്‍ശി ബിഎല്‍ സന്തോഷ്, ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍ എന്നിവരും അമിത്ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.
ശരിക്കും അമിത് ഷാ അനന്തപുരിയുടെ മണ്ണില്‍ കാലൂന്നിയപ്പോള്‍ സ്വീകരിക്കും വിധം മഴയും പെയ്തിറങ്ങി. വിമാനത്താവളത്തിന് പുറത്ത് പ്രവര്‍ത്തകരുടെ ആവേശക്കടലിലേക്കാണ് ദേശീയ അദ്ധ്യക്ഷന്‍ മഴ പോലെ പെയ്തിറങ്ങിയത്. താലപ്പൊലി, ചെണ്ടമേളം, ബാന്റ് സെറ്റ്, നാടന്‍ കലാരൂപങ്ങള്‍, തുടങ്ങിയവ സ്വീകരത്തിന് മാറ്റു കൂട്ടി.
മൂവായിരത്തോളം ഇരു ചക്രവാഹനങ്ങളാണ് ദേശീയ അദ്ധ്യക്ഷനെ അകംമ്പടി സേവിച്ചത്. വാഹന വ്യൂഹത്തിന് മുന്നിലായി ബിജെപി പതാകകളുമായി നാല് കുതിരകളില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. വിമാനത്താവളം മുതല്‍ തൈക്കാട് വരെ 35 സ്ഥലങ്ങളിലാണ് പ്രവര്‍ത്തകര്‍ ദേശീയ അദ്ധ്യക്ഷനെ സ്വീകരിച്ചത്.
റോഡിന് ഇരു വശങ്ങളിലും കാത്തു നിന്ന പ്രവര്‍ത്തകര്‍ ദേശീയ അദ്ധ്യക്ഷനെ അക്ഷരാര്‍ത്ഥത്തില്‍ പൂ വിരിച്ച വഴിയിലൂടെയാണ് സ്വീകരിച്ചത്. ടണ്‍ കണക്കിന് പൂക്കളാണ് സ്വീകരണത്തിനായി പ്രവര്‍ത്തകര്‍ കരുതിയിരുന്നത്. തൈക്കാട് എത്തുമ്പോഴേക്കും അമിത് ഷായുടെ വാഹനം പൂക്കളാല്‍ മൂടപ്പെട്ടിരുന്നു.
വെള്ളയമ്പലം ജംഗ്ഷനില്‍ മഹാത്മാ അയ്യന്‍കാളിയുടെ പ്രതിമയില്‍ അമിത്ഷാ മാലയിട്ട് പുഷ്പാര്‍ച്ചന നടത്തി. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നിന്ന് കാത്തു നിന്നവരെ അഭിവാദ്യം ചെയ്താണ് അമിത്ഷാ തൈക്കാടേക്ക് പോയത്.
ഹൈസിന്ത് ഹോട്ടലില്‍ സംസ്ഥാന ഭാരവാഹി യോഗം, സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച, ലോകസഭാ മണ്ഡലങ്ങളുടെ ചുമതലക്കാരായ നേതാക്കളുടെ യോഗം, സുബ്രഹ്മണ്യന്‍ ഹാളില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുടെ യോഗം എന്നിവയിലും അദ്ദേഹം പങ്കെടുത്തു. ഇന്നു രാവിലെ ഏഴിന് ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് അദ്ദേഹം തറക്കല്ലിടും.
















