കല്ലൂര്‍: മുട്ടിത്തടിയില്‍ വൈദ്യുതി കമ്പിയിലെ തടസ്സങ്ങള്‍ നീക്കുന്നതിനിടെ കെഎസ്ഇബി അധികൃതര്‍ നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ചു.
മുട്ടിത്തടി ശ്രീഭദ്ര കുടുംബശ്രീയിലെ അംഗങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഇരുപത്തിയഞ്ചോളം കുലച്ച നേന്ത്രവാഴകളാണ് വെട്ടിനശിപ്പിച്ചത്.
വാഴത്തോട്ടത്തിലൂടെ കടന്നുപോകുന്ന പതിനൊന്ന് കെ.വി. ലൈനിലെ തടസ്സങ്ങള്‍ നീക്കുന്നതിനിടെയാണ് സംഭവം. ലൈനില്‍ മുട്ടി നില്‍ക്കുന്ന തണ്ടുകള്‍ മുറിച്ചുമാറ്റുന്നതിന് പകരമാണ് അധികൃതര്‍ വാഴകള്‍ വെട്ടി കളഞ്ഞത്. കുടുംബശ്രീ അംഗങ്ങളായ ഗീത, രമണി, പാറുകുട്ടി, ഗ്രേയ്സി, ഗീത വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് വാഴകൃഷി നടത്തുന്നത്.
ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത ഏഴ് മാസം പ്രായമായ വാഴകളാണ് കര്‍ഷകരെ അറിയിക്കാതെ വെട്ടി കളഞ്ഞത്. കര്‍ഷകര്‍ ശനിയാഴ്ച രാവിലെ തോട്ടത്തിലെത്തിയപ്പോഴാണ് വാഴകള്‍ വെട്ടിനശിപ്പിച്ച നിലയില്‍ കണ്ടത്.
കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടന്‍, വൈസ് പ്രസിഡന്റ് കെ.എസ്.സന്തോഷ്, കെ.എസ്.ഇ.ബി. എക്സി. എന്‍ജിനീയര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
മുന്നറിയിപ്പ് നല്‍കാതെ വാഴകൃഷി നശിപ്പിച്ച കെ.എസ്.ഇ.ബി. അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
















