ജയിംസ് ജോയിസിന്റെ ഡബ്ളിനേഴ്സില് തടാകത്തിനു കുറുകെ പറക്കുന്ന പക്ഷികളെ സ്വദേശം നഷ്ടപ്പെട്ട എഴുത്തുകാരായി ഉപമിക്കുന്നുണ്ട്. ഇന്നു ജോയ്സ് ഉണ്ടായിരുന്നുവെങ്കില്‍ മെഡിറ്ററേനിയന്‍ കടല്‍ താണ്ടുന്നവരെ എന്തായാലും എഴുത്തുകാരെന്നു വിളിക്കുമായിരുന്നില്ല. എല്ലാവര്ക്കും അറിയാവുന്നപോലെ അഭയാര്‍ഥികളെന്നു തന്നെ വിളിക്കും.
സ്വന്തം രാജ്യത്തുനിന്നും ജീവന് കൈയില്‍ പിടിച്ച് അഭയാര്‍ഥിയായി രക്ഷപെടുന്ന തിരക്കിലാണ് ചില ആഫ്രിക്കന്‍ നാടുകളിലെ പൗരന്മാര്. അതിനവര്‍ ക്യൂ നില്ക്കുന്നു. അതിനും കാത്തു നില്‍ക്കാതെ ഓടിപ്പോകുന്നവര്‍ വേറെ. പിന്നാലെ പാഞ്ഞുവരുന്ന വെടിയുണ്ടകളില്‍ നിന്നും വാളിന്റെ വായ്തലയില്നിന്നുമൊക്കെ പ്രാണനും പിടിച്ച് പൗരത്വത്തില്‍ നിന്നും അഭയാര്‍ഥിയുടെ ലേബല്‍ സ്വയം തെരഞ്ഞെടുത്ത് ഓടിപ്പോകുകയാണ് ചില നാടുകളില്‍ നിന്നും പൗരസമൂഹം. ഇങ്ങനെ കോടിക്കണക്കിന് ആളുകളാണ് ഇറാക്ക്, അഫ്ഘാനിസ്ഥാന്, സിറിയ, ആഫ്രിക്ക തുടങ്ങിയ നാടുകളില്‍നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക്ജീവനുമായി പരക്കം പായുന്നത്. കൊള്ളാവുന്നതിലും പത്തിരട്ടിയിലേറെയാണ് കിട്ടുന്ന ബോട്ടിലും മറ്റു യാനങ്ങളിലുമായി കടലുതാണ്ടി കാണുന്ന കരയിലേക്കു ഇവര്‍ ഓടിക്കേറുന്നത്. ഇതില്‍ ആയിരക്കണക്കിനുപേരെ കടല്‍ത്തിര വിഴുങ്ങി. മെഡിറ്ററേനിയന്‍ കടല്‍ത്തിരകളില്‍ വീണു പോകുന്ന ജീവനുകളെ കടന്നുപോകുന്നവയാണ് ബോട്ടുകള്‍. സ്വയം കാക്കാനുള്ള തത്രപ്പാടില്‍ രക്ത ബന്ധങ്ങളെ തന്നെ ഉപേക്ഷിക്കേണ്ടിവരുന്ന നിഷ്ക്കളങ്ക ക്രൂരത. രക്ഷിക്കാന്‍ എടുത്തു ചാടിയവരാകട്ടെ പോയത് കടലാഴത്തിലേക്കും.
വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങളും സമാനതകളില്ലാത്ത ഭീകരതയും കൂടിച്ചേര്‍ന്നുണ്ടാക്കിയ ദുരന്തങ്ങളുടെ ചാപിള്ളകളാണ് അഭയാര്ഥികളെന്നപേരില് ചിതറിയോടുന്ന ജനസമൂഹം. വിശുദ്ധ യുദ്ധത്തിന്റെ മറവില്‍ അന്യമത ശത്രുത സൃഷ്ടിച്ച് ഇസ്ലാമിക ഭീകരവാദം ഉന്മൂലനം ചെയ്യുന്നത് കൂടുതലും സ്വന്തം മതത്തില്‍പ്പെട്ടവരേയും സ്വരാജ്യക്കാരേയും തന്നെയാണ്. ഐഎസ് പോലെ വിവിധ പേരുകളുള്ള ഭീകര സംഘടനകള്‍ എല്ലാം തന്നെ ക്രൂരതയില്‍ മികവുകാട്ടി മത്സരത്തില്‍ ജയിക്കാനുള്ള ശ്രമത്തിലാണ്. ഉയര്‍ന്ന വിദ്യാഭ്യാസവും ആധുനിക ടെക്നോളജിയുംവരെ അറിയാവുന്നവര്‍ പോലും മനുഷ്യനെ കൊല്ലുകമാത്രം അജണ്ടയായുള്ള ഭീകരതയില്‍ ചേര്‍ന്ന് നാളത്തെ മോക്ഷത്തിനായി പ്രാകൃതമായ വിശുദ്ധ യുദ്ധം ചെയ്യുകയാണ്. സ്വര്‍ഗത്തിലെ ഹൂറികളെ സ്വന്തമാക്കാന്‍ ഭൂമിയില്‍ മനുഷ്യനെ കൊന്നുകൂട്ടുന്ന പ്രാകൃത വ്യാമോഹം!
കുടിയേറ്റക്കാരായി യൂറോപ്പിലേക്ക് കടലുകടന്ന് ഓടിയെത്തുന്നവര്‍ കാടിക്കണക്കാണ്. 2015ല്‍ ഇത് പത്തു ലക്ഷമായിരുന്നു. അതിനു മുന്‍പും പിന്‍പും കൂട്ടിയാല്‍ കോടികള്‍ വരും. ചില കണക്കുകള്‍ പറയുന്നത് ഏഴ് കോടി എന്നാണ്. അഭയാര്‍ഥികളെ സ്വീകരിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്നം ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് യൂറോപ്പ് അഭയാര്‍ഥികളെ സ്വീകരിക്കുന്നത്. പക്ഷേ ഈ അറിവിനു പരിമിതികളുണ്ടെന്നു മനസിലാവുന്നതു പക്ഷേ അഭയാര്‍ഥികള്‍ക്കിടയിലെ ഭീകരര്‍ അവര്‍ക്കു രക്ഷനല്‍കുന്ന രാജ്യത്തു നടത്തുന്ന അക്രമത്തിന്റെ ആഴം വ്യക്തമാകുമ്പോഴാണ്. ഈ അക്രമ മുറിവുകള്‍ ഏറ്റുവാങ്ങിവരാണ് ഫ്രാന്‍സും ജര്‍മനിയും ബല്‍ജിയവും മറ്റും. യുഎന്‍ മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പതിനെട്ടുകാരിയായ ജര്‍മന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗംചെയ്തു കൊന്നത് ഇത്തരം അഭയാര്‍ഥികള്‍ക്കൊപ്പം വന്ന ഒരു ചെറുപ്പക്കാരനാണ്. ഇതിന്റെ പേരില്‍ വന്‍ പ്രക്ഷോഭം ജര്‍മനിയില്‍ നടക്കുകയുണ്ടായി. അഭയാര്‍ഥികളെ സ്വീകരിക്കരുതെന്നുവരെ ജനം മുറവിളികൂട്ടി. ഭീകരര്‍ക്കു ഒളിച്ചു കടക്കാനുള്ള എളുപ്പ വഴികൂടെയാണ് അഭയാര്ഥിക്കുടിയേറ്റങ്ങള്. അഭയാര്‍ഥികളേയും ഭീകരരേയും തിരിച്ചറിയാനുള്ള ശരിവഴികളില്ല. ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്,ഗ്രീസ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയയും കുടിയേറ്റക്കാര്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പരാധീനതകള്‍ സ്വതവേയുള്ള എത്യോപ്യയയില്‍ ഇതിനകം ഏഴ് ലക്ഷം പേരാണ് കുടിയേറിയിരിക്കുന്നത്.
അഭയാര്‍ഥികളില്‍ ഏറെയും 18വയസിനു താഴെയുള്ളവരാണ്. അതില്‍ എത്രപേര്‍ കടലില്‍ ഇല്ലാതാവുന്നു. നാളെയുടെ ഭാവിയാണ് ഇങ്ങനെ കടലിലും കരയിലുമായി ചോര്‍ന്നു പോകുന്നത്. പിന്നെ കുരുന്നുകള്‍, വൃദ്ധര്‍ അങ്ങനെ ഏതു പ്രായത്തിലും പെട്ടവര്‍. സ്വന്തം രാജ്യത്തു മരിക്കുന്നവര്‍ക്കു ജാതിയും മതവും വംശവുമുണ്ട്. എന്നാല്‍ കടലില്‍ മരിക്കുന്നവര്‍ക്ക് അതൊന്നുമില്ല. സാമ്പത്തികമായും അല്ലാതെയും പ്രശ്ന ബാധിത രാജ്യങ്ങള്‍ തന്നെയാണ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനുഷ്യ സഹജമായ സ്വഭാവങ്ങളുടെ പേരില്‍ കുടിയേറ്റക്കാര്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുന്നത്. മുസ്ലിം സാഹോദര്യം പറയുന്നവര്‍ തന്നെയാണ് പരസ്പരം യുദ്ധം ചെയ്യുന്നതും ഇത്തരം അഭയാര്‍ഥികള്‍ക്കായി സ്വന്തം രാജ്യത്ത് വാതില്കൊട്ടിയടക്കുന്നതും. കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്നു പറയുന്ന രാജ്യങ്ങളെ അപലപിക്കുന്നതും. അധികാരത്തിന്റെ അഹന്തയിലും സ്വാര്ഥതയിലും യുദ്ധം വരുത്തിവയ്ക്കുന്നവര്‍ അതിലൂടെ മരിച്ചുപോകുന്നവരും രാജ്യം വിട്ടുപോകുന്നവരും തന്നെയാണ് ഈ അധികാരം തന്നതെന്നു മറന്നുപോകുന്നു. യുദ്ധം ഇറക്കുമതി ചെയ്യുന്നവര്‍ക്കും കലാപം ആസൂത്രണം ചെയ്യുന്നവര്‍ക്കും അതു ബിസിനസ് തന്നെയാണ്. പണത്തിന്റെ പേരിലായാലും മതത്തിന്റെ പേരിലായാലും. മനുഷ്യനെ കൊല്ലുന്ന വിശുദ്ധ യുദ്ധങ്ങളില്‍ നിന്നും രക്തം കുടിക്കുന്ന മതമോ ദൈവമോ ഇല്ല. അത്തരം ഒന്ന് മനുഷ്യസൃഷ്ടിയാണ്. ഇത്തരം പ്രത്യക്ഷ യുദ്ധങ്ങളിലെ പ്രച്ഛന്നവേഷക്കാര്‍ തന്നെയാണ് ഇവര്‍. അതെ, ഇപ്പോള്‍ തടാകം താണ്ടുന്ന ജയിംസ് ജോയ്സിന്റെ എഴുത്തുകാരായ പറവകള്‍ക്കു പകരം മരണം കൈയില്‍പിടിച്ച് കടല്‍ താണ്ടുന്നത് അഭയാര്‍ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: